കേരളം

kerala

ഗ്യാസ് മസ്‌റ്ററിങ്ങിന്‍റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; ഏജന്‍സികള്‍ക്ക് മുന്നില്‍ തിരക്കോട് തിരക്ക് - Gas Mustering

By ETV Bharat Kerala Team

Published : Jul 10, 2024, 7:42 PM IST

ഗ്യാസ് മസ്‌റ്ററിങ്ങിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടും ഏജന്‍സികള്‍ക്ക് മുന്നില്‍ തിക്കുംതിരക്കും കൂട്ടുകയാണ് ജനം.

PEOPLE MISLED ON GAS MUSTERING  GAS MUSTERING FALSE MESSAGES  ഗ്യാസ് മസ്റ്ററിങ്  ഗ്യാസ് മസ്റ്ററിങ് ചെയ്യേണ്ടതെങ്ങനെ
മസ്‌റ്ററിങ്ങിനായി ഏജൻസിക്ക് മുന്നിൽ കാത്തുനിൽക്കുന്നവർ (ETV Bharat)

ഗ്യാസ് മസ്‌റ്ററിങ്ങിന് ഏജന്‍സികള്‍ക്ക് മുന്നില്‍ തിക്കുംതിരക്കും (ETV Bharat)

കോട്ടയം:ഗ്യാസ് മസ്‌റ്ററിങ്ങുമായി ബന്ധപ്പെട്ട് പലവിധ സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. പല സന്ദേശങ്ങളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സന്ദേശങ്ങളുടെ നിജസ്ഥിതി തിരക്കാതെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ തിക്കിത്തിരക്കിയെത്തുന്ന ഉപഭോക്താക്കള്‍ കോട്ടയത്ത് നിത്യകാഴ്‌ചയായി.

പാചകവാതക സിലിണ്ടർ യഥാർഥ ഉപഭോക്താവിന്‍റെ കൈവശമാണെന്ന് ഉറപ്പാക്കാനാണ് പാചക വാതക കണക്ഷൻ മസ്‌റ്ററിങ്ങ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചത്. ഇകെവൈസി അപ്‌ഡേഷന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഓരോ ദിവസവും നിരവധി ഉപഭോക്താക്കളാണ് ഗ്യാസ് എജൻസികളിൽ മസ്‌റ്ററിങ്ങിനായി രാവിലെ മുതല്‍ കാത്തുകെട്ടിക്കിടക്കുന്നത്. മസ്‌റ്ററിങ്ങിന് സെപ്‌റ്റംബർ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതർ നിലവിൽ അറിയിച്ചിരിക്കുന്നത്.

പല ഏജന്‍സികളും ഉച്ച കഴിഞ്ഞാണ് മസ്‌റ്ററിങ് നടത്തുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ, മസ്‌റ്ററിങ് നടത്തിയില്ലെങ്കിൽ ഇനി മുതൽ ഗ്യാസ് ലഭിക്കില്ലെന്ന വാർത്ത പ്രചരിച്ചതോടെ ഉപഭോക്‌താക്കൾ ഏജന്‍സികളിലേക്ക് കൂട്ടമായി എത്തുകയാണ്. മസ്‌റ്ററിങ്ങിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞിട്ടും ഉപഭോക്‌താക്കൾ ആവലാതിപ്പെട്ട് എജൻസികളിലേക്ക് ഓടിയെത്തുന്നു. ഇതേത്തുടര്‍ന്ന് ഏജൻസികളിലും തിരക്ക് വർധിച്ചു.

അതേസമയം വെബ്‌സൈറ്റ് വഴി നടത്തുന്ന കെവൈസി അപ്ഡേഷനിടെ ഇന്‍റര്‍നെറ്റ് തടസപ്പെടുന്നതും പല ഏജന്‍സികളിലും പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ട്. ഇത് മൂലം പലര്‍ക്കും കൂടുതല്‍ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. ഇത് പ്രായമായവര്‍ക്കടക്കം വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്.

ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്. കണക്ഷൻ ആരുടെ പേരിലാണോ മസ്‌റ്ററിങ് നടത്താന്‍ അവർ നേരിട്ട് ഏജൻസി ഓഫിസുകളിൽ എത്തണമെന്നതാണ് വ്യവസ്ഥ. ഓൺലൈനിലൂടെയും വിവരങ്ങൾ പുതുക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല.

അതേസമയം, ഗ്യാസ് കണക്ഷൻ മസ്‌റ്ററിങ് നടത്തുന്നതിന് ഉപഭോക്താക്കൾ തിരക്ക് കൂട്ടേണ്ടതില്ലെന്ന് ഏജൻസി അധികൃതർ പറയുന്നു. മസ്‌റ്ററിങ് നടത്തേണ്ട അവസാന തീയതി സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇവർ വ്യക്ത‌മാക്കുന്നു. ഏജൻസികൾ ഓൺലൈനിലൂടെ ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള സൈറ്റ് ഉപയോഗിച്ചാണ് മസ്‌റ്ററിങ് നടത്തുന്നത്.

അപ്ഡേഷൻ പൂർത്തിയാകുമ്പോൾ കണക്ഷൻ എടുത്ത വേളയിൽ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഇകെവൈസി അപ്ഡേറ്റഡ് സന്ദേശം ലഭിക്കും. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറുള്ള ഫോൺ എന്നിവ കൂടി ഉപഭോക്‌താക്കൾ കൈവശം കരുതണം. ഏജൻസികൾ ആപ്പിലൂടെയും മസ്‌റ്ററിങ് ചെയ്യാമെന്നറിയിച്ചിട്ടും കൂടുതൽ പേരും നേരിട്ടെത്തുന്നത് നടപടികൾ വൈകാൻ ഇടയാക്കുന്നുണ്ട്.

മസ്‌റ്ററിങ് നടത്താനെത്തുന്നവരിൽ ഏറെപ്പേരുടെയും ഗ്യാസ് കണക്ഷന്‍ ബുക്കിലെ പേര് മാറ്റേണ്ട സാഹചര്യമാണ്. നിലവിലുള്ള ഉടമ മരണപ്പെട്ടെങ്കിലും പേര് മാറാതെ കിടക്കുന്നതിനാൽ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാതെ മസ്‌റ്ററിങ് നടത്താനാവില്ല. ഇതും ഏജന്‍സികളില്‍ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നു.

ALSO READ:ഗ്യാസ് ഉപഭോക്താക്കൾക്ക് കർശന പരിശോധന വരുന്നു; ബയോമെട്രിക് പരിശോധന നിർബന്ധമാക്കാന്‍ നടപടി തുടങ്ങി

ABOUT THE AUTHOR

...view details