പത്തനംതിട്ട: പ്രായാധിക്യത്തിൻ്റെ അവശതകളും ഓർമക്കുറവും ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും 97 കാരിയായ വനജാക്ഷിയമ്മയുടെ ഗാന്ധി ദർശനത്തിൻ്റെ ദീപ്‌ത സ്‌മരണകൾക്ക് കാലം തെല്ലും മങ്ങലേൽപ്പിച്ചിട്ടില്ല. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശിനിയായ വനജാക്ഷിയമ്മയുടെ യൗവ്വന കാലത്തിന് സ്വാതന്ത്ര്യ സമരത്തിൽ അണിചേർന്ന പാരമ്പര്യവുമുണ്ട്. പ്രായാധിക്യം ഓർമകളെ ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും മഹാത്മജിയുടെ പേര് കേട്ടാൽ തന്നെ ഗാന്ധിദർശനത്തിൻ്റെ പുണ്യം പേറുന്ന വനജാക്ഷിയമ്മയുടെ കണ്ണുകൾക്ക് തിളക്കമേറും.
ആറന്മുളയിലും ഇലന്തൂരിലും ഗാന്ധിജി സന്ദർശനം നടത്തിയപ്പോൾ അദ്ദേഹത്തെ ദേശഭക്തിഗാനം പാടി സ്വീകരിക്കാൻ ഭാഗ്യം സിധിച്ച അന്നത്തെ കൗമാരക്കാരികളായ പെൺകുട്ടികളിലൊരാളായിരുന്നു വനജാക്ഷിയമ്മ. 1937 ജനുവരി 20നാണ് തൻ്റെ പ്രമുഖ ശിഷ്യനായ കെ കുമാർജിയുടെ ക്ഷണം സ്വീകരിച്ച് ഹരിജനോധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിജി ആറന്മുളയും ഇലന്തൂരും സന്ദർശിച്ചത്.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിച്ച വനജാക്ഷിയമ്മക്ക് പിന്നീട് ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയായി ദേശീയ പ്രസ്ഥാനത്തോട് കൂടുതൽ ഇഴുകിച്ചേർന്ന് ജീവിക്കാനും അവസരമുണ്ടായി. വനജാക്ഷിയമ്മയുടെ ഭർത്താവ് പരേതനായ ടി എൻ പദ്‌മനാഭ പിള്ള സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ ഇന്ത്യ ഗവൺമെൻ്റ് താമ്രപത്രം നൽകി ആദരിച്ചിട്ടുള്ള ആളാണ്.