കണ്ണൂർ : നാല് വർഷ ബിരുദ കോഴ്‌സിന്‍റെ പ്രചാരണത്തിനായി കണ്ണൂർ സർവകലാശാല പുറത്തിറക്കിയ വീഡിയോ വിവാദത്തിലേക്ക്. വിദ്യാർഥികളെ ആകർഷിക്കാൻ പ്രണയ സമാന രംഗം പശ്ചാത്തലമാക്കി എന്നാണ് ആക്ഷേപം. ഒരു മിനിറ്റ് ധൈർഘ്യമുള്ള അഞ്ച് വീഡിയോകളാണ് തയ്യാറാക്കിയത്.
ഇതിലൊന്നാണ് ബുധനാഴ്‌ച സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തിറക്കിയത്. പ്ലസ്‌ടു വിദ്യാർഥികളാണ് ഇതിലെ കഥാപാത്രങ്ങൾ. കൈപിടിച്ചെന്ന് തോന്നിക്കുന്ന വിധം നില്‍ക്കുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ മറ്റൊരു പെൺകുട്ടി വർണ്ണം എറിയുന്നതാണ് ആദ്യ രംഗം. ശരിക്കും ഈ രണ്ട് വർഷം ഒന്നും പോരാ, ഒരു മൂന്ന് വർഷം കൂട്ടി, അഞ്ച് വർഷം ഒരുമിച്ചു പഠിക്കാൻ കഴിഞ്ഞെങ്കിലോ എന്ന് വീഡിയോയിൽ ആൺകുട്ടി ചോദിക്കുന്നു.
അത് കുറച്ച് അധികമായില്ലെന്ന് തൊട്ടടുത്തിരിക്കുന്ന പെൺകുട്ടിയുടെ മറുപടി. എങ്കില്‍ നാല് വർഷം ആയാലോ എന്ന് ആൺകുട്ടിയുടെ മറുപടി. അതിന് പറ്റുമല്ലോ എന്ന് പറഞ്ഞ് മറ്റൊരു പെൺകുട്ടി കടന്നു വരുന്നതും നാല് വർഷ ബിരുദ കോഴ്‌സുകളെ കുറിച്ച് വിശദീകരിക്കുമെന്നതുമാണ് വീഡിയോ.