പത്തനംതിട്ട : കോൺഗ്രസിൽ നിന്നും പുറത്താക്കിയ മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജും മുന്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സജി ചാക്കോയും സിപിഎമ്മിൽ ചേർന്നു (Former DCC President Babu George Joined In CPM). പത്തനംതിട്ടയിൽ നടന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇരുവർക്കും പാര്‍ട്ടി അംഗത്വം നല്‍കി.
പത്തനംതിട്ട ഡിഡിസി ഓഫിസിലെ കതക് ചവുട്ടി തുറന്നതുൾപ്പെടെ അക്രമസംഭവങ്ങളുടെ പേരില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ബാബു ജോർജിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടർന്ന് 2023 ഏപ്രിലിൽ ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോൺഗ്രസ് നേതൃത്വത്തിനും ആന്‍റോ ആന്‍റണിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ബാബു ജോര്‍ജ് ഉന്നയിച്ചു വന്നത്.
പാർട്ടിക്കുള്ളില്‍ ഒരു രണ്ടാം നിരയെ വാർത്തെടുക്കാൻ നേതാക്കള്‍ സമ്മതിക്കില്ല. ഉമ്മൻ ചാണ്ടി മരിച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കാൻ ആരുമില്ല. എന്നാല്‍ സിപിഎമ്മിന് ശക്തമായ കേഡർ സംവിധാനമുണ്ട്. ഒരു നേതാവിനെ ആശ്രയിച്ചല്ല പാർട്ടി മുന്നോട്ട് പോകുന്നത്. അവിടെ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. കോണ്‍ഗ്രസില്‍ ഒരാള്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പിന്നെ അത് അവരുടെ കുത്തകയാണ്. അവർ മരിച്ചാല്‍ മക്കള്‍ക്കാകും സീറ്റ് ലഭിക്കുക. മറ്റുള്ളവരെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി അവിടെ തളച്ചിടും.
പിരിച്ചെടുക്കുന്ന പണം ധൂർത്തടിക്കുന്ന ജോലിയാണ് കെപിസിസി പ്രസിഡന്‍റിന്. ട്രഷറർ ആയിരുന്ന പ്രതാപ ചന്ദ്രൻ മരിക്കാൻ കാരണം പ്രസിഡന്‍റിന്‍റെയും ചില നേതാക്കളുടെയും ധൂർത്താണ്. ആന്‍റോ ആന്‍റണി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി തോല്‍ക്കുമെന്നും ബാബു ജോര്‍ജ് പ്രതികരിച്ചിരുന്നു.
ബാബു ജോർജ് പോയാൽ കോൺഗ്രസ് പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും ബാബു ജോർജിനെതിരെ പരാതിക്കെട്ടുമായി നടന്നയാളാണ് ഒപ്പം ഉള്ള സജി ചാക്കോ എന്നും പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.