തിരുവനന്തപുരം :മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം മുൻ പ്രസിഡൻ്റ് മരിച്ച നിലയിൽ. മോഹനകുമാരൻ നായരെയാണ് (62) ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള തേക്കുപാറയിലെ റിസോർട്ടിന് പുറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആര്യനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലെ പ്രസിഡൻ്റായിരുന്നു ഇദ്ദേഹം. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ബാങ്കിലേക്ക് നിരവധി തവണ സമരം നടത്തി വന്നിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കിൽ അരങ്ങേറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സഹകരണ വകുപ്പിൻ്റെ അസിസ്റ്റൻ്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 34 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ വിവരം ജോയിൻ്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബോർഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം 11നകം അറസ്റ്റ് ചെയ്യാനുള്ള നടപടികളെടുക്കുമെന്ന് അഡ്‌മിനിസ്ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചുവെങ്കിലും ഇതു വരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.
നിരവധി നിക്ഷേപകർ അരുവിക്കര പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം പണം നിക്ഷേപിച്ചിരുന്ന ഭിന്നശേഷിക്കാർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. രാത്രി വൈകിയായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്. കോൺഗ്രസിൻ്റെ പ്രാദേശിക നേതാവ് കൂടിയാണ് മുണ്ടേല മോഹനകുമാരന്‍.
Also Read:വീടിന് തീപിടിച്ച് യുവദമ്പതികള്‍ വെന്തുമരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്