മാനന്തവാടി: വയനാട്ടിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്‍റെ കുടുംബത്തെ കാണാനെത്തിയ മന്ത്രിമാർക്ക് നേരെ ക്ഷുഭിതരായി അജീഷിന്‍റെ മക്കളും നാട്ടുകാരും. 10 ദിവസമായിട്ടും ആനയെ വെടിവെക്കാൻ കഴിയാത്ത സർക്കാർ മനുഷ്യന് നൽകുന്നത് പുല്ലുവിലയല്ലേ എന്ന് അജീഷിന്‍റെ മകൾ മന്ത്രിമാരോട് ചോദിച്ചു. വാച്ചർമാർക്ക് മുളവടിയോ പടക്കമോ പോരാ, തോക്ക് നൽകണമെന്നും പോളിന്‍റെ മരണം ഓർമ്മിപ്പിച്ച് അജീഷിന്‍റെ മകൾ പറഞ്ഞു.
എന്നാൽ അത് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് മന്ത്രിമാർ അറിയിച്ചു. മരിച്ച അജീഷിന്‍റെ കുടുംബത്തെ മന്ത്രിമാർ ആശ്വസിപ്പിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, എ കെ ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് അജീഷിന്‍റെ വീട്ടിലെത്തിയത്. വോട്ട് കാട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മന്ത്രിമാർക്ക് നേരെ കയർത്തുകൊണ്ട് നാട്ടുകാരും പ്രതികരിച്ചു.