കാൽ സ്ലാബിൽ കുടുങ്ങി (ETV Bharat) എറണാകുളം : കൊച്ചി നഗരത്തിൽ കാൽ നടയാത്രക്കാരിയുടെ കാൽ കാനയ്ക്ക് മുകളിൽ പാകിയ സ്ലാബിനിടയില്‍ കുടുങ്ങി. നാട്ടുകാർ ചേർന്ന് അരമണിക്കൂറിലേറെ സമയം പരിശ്രമിച്ചാണ് സ്ലാബ് നീക്കി സ്ത്രീയെ രക്ഷിച്ചത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നും ദേശീയ പാതയിലേക്ക് പോകുന്ന പ്രധാന റോഡരികിലായിരുന്നു അപകടം.
സ്ലാബുകൾക്കിടയിലെ വിടവിൽ നടക്കുന്നതിനിടെ കാൽ കുടുങ്ങുകയായിരുന്നു. ഇതോടെ കാൽ വലിച്ചെടുത്ത് നടക്കാൻ കഴിയാതായ സ്ത്രീ സ്ലാബിൽ തന്നെ ഇരിക്കുകയായിരുന്നു. കാൽ സ്ലാബിനിടയിൽ കുടുങ്ങിയ നിലയിൽ സ്ത്രീയെ കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ഒരു നിലയിലും സ്ലാബിനിടയിൽ നിന്നും കാൽ വലിച്ചെടുക്കാൻ കഴിയാതെ വന്നതോടെ തൊട്ടടുത്ത മറ്റൊരു സ്ലാബ് ഇളക്കി മാറ്റി.
തുടർന്ന് കാൽ കുടുങ്ങിയ സ്ലാബ് നീക്കിയാണ് സ്ത്രീയുടെ കാൽ വലിച്ചെടുത്തത്. അതേ സമയം സ്ത്രീയുടെ കാലിന് കാര്യമായ പരിക്ക് പറ്റിയില്ലെന്നത് ആശ്വാസമാണ്. രക്ഷപെട്ടതിൻ്റെ ആശ്വാസത്തിൽ നാട്ടുകാരോട് നന്ദി പറഞ്ഞ് അവർ സ്വന്തമായി നടന്ന് പോയെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ വ്യക്തമാക്കിയത്.
കാക്കനാടേക്കുള്ള മെട്രോയുടെ രണ്ടാംഘട്ടത്തിൻ്റെ പണി നടക്കുന്നതിൻ്റെ ഭാഗമായി പാലാരിവട്ടം പൈപ്പ് ലൈൻ റോഡിൻ്റെ പലയിടങ്ങളിലും സ്ലാബ് പൊളിച്ചിട്ട നിലയിലാണ് ഉള്ളത്. ഈ ഭാഗങ്ങളിൽ കാൽ നടയാത്രക്കാർ അപകടത്തിൽ പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്. മെട്രോ അധികൃതരും കോർപ്പറേഷനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ALSO READ:ബെല്ലടിച്ചിട്ട് നിർത്തിയില്ല; പ്രകോപിതനായ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ആക്രമിച്ചു