കണ്ണൂർ:ജീവിത മാര്‍ഗത്തിനായി മത്സ്യ കൃഷി നടത്തി പ്രതിസന്ധിയിലായിരിക്കുകയാണ് ഓണക്കുന്ന് സ്വദേശി കീനേരി ബാലകൃഷ്‌ണൻ. സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ബാലകൃഷ്‌ണന്‍റെ കൃഷി. ഒരുപാട് പ്രതീക്ഷയോടെയാണ് ബാലകൃഷ്‌ണന്‍ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ വിപണി സംവിധാനം ഇല്ലാത്തത് ബാലകൃഷ്‌ണന് തിരിച്ചടിയായി.
ജീവനോപാധിയായി കണ്ടെത്തിയ തൊഴില്‍ ബാലകൃഷ്‌ണന് കടക്കെണിയാണ് സമ്മാനിച്ചത്. 2021ലാണ് സര്‍ക്കാര്‍ വാഗ്‌ദാനം വിശ്വസിച്ച് കൃഷിയിലേക്കിറങ്ങിയത്. വലിയ സബ്‌സിഡി, മത്സ്യങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനം എന്നൊക്കെയായിരുന്നു വാഗ്‌ദാനം. എന്നാൽ ചെറിയ സബ്‌സിഡി ലഭിച്ചു എന്നത് ഒഴിച്ചാൽ മത്സ്യങ്ങൾ വില്‌പന നടത്തുന്നതിന് ഒരു സഹായവും ലഭിച്ചില്ല. ഇതോടെ കൃഷി ഏറെ പ്രതിസന്ധിയിലായി.
വില്‍പന നടത്താന്‍ കഴിയാതെ മത്സ്യങ്ങള്‍ ഇപ്പോഴും ഈ കുളത്തില്‍ തന്നെയുണ്ട്. മത്സ്യ ലഭ്യത കുറയുന്ന ജൂൺ, ജൂലൈ മാസങ്ങളിലാണ് വളർത്ത് മത്സ്യങ്ങൾക്ക് ഏറെ ഡിമാന്‍ഡുള്ളത്. ഇക്കാലയളവില്‍ ബാലകൃഷ്‌ണന്‍ അടക്കം പ്രാദേശികമായി ഇവയെ വിറ്റഴിക്കാന്‍ ശ്രമിച്ചെങ്കിലും അതും വേണ്ട വിധം വിജയം കണ്ടില്ല.
ആറുമാസം കൊണ്ട് വിൽക്കേണ്ട മത്സ്യങ്ങൾ ഒരു വർഷമായിട്ടും വിൽക്കാൻ കഴിയാതെ കുളത്തിൽ വളരുന്നുണ്ട്. വിൽപ്പന വൈകുന്നത് കർഷകർക്ക് സാമ്പത്തിക ചെലവ് അധികരിക്കുകയാണ്. ഒരു രക്ഷയും ഇല്ലാതെ പകുതി വിലയ്ക്ക് കർഷകർ ഇവയെ വിൽക്കുകയാണിപ്പോള്‍ ചെയ്യുന്നത്.
വലിയ തുക ബാങ്കിൽ നിന്ന് വായ്‌പയെടുത്താണ് ബാലകൃഷ്‌ണന്‍ അടക്കം പലരും മത്സ്യകൃഷി ഇറങ്ങിയത്. എന്നാൽ ഇപ്പോൾ മുടക്കുമുതലിന്‍റെ പകുതി പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു. മത്സ്യകൃഷി ആരംഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് തന്നെ കർഷകർക്ക് വലിയ തുക ചെലവായിരുന്നു. ആറ് രൂപ പ്രകാരം നൽകിയാണ് ഫിഷറീസ് വകുപ്പ് വഴി ആദ്യഘട്ടത്തിൽ ആയിരം ആസാം വാള മത്സ്യ കുഞ്ഞുങ്ങളെ വാങ്ങിയത്.
2 സെൻറിൽ 18 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലും മണ്ണെടുത്ത് ടാർപ്പായ വിരിച്ച് കുളം നിർമിക്കുന്നതായിരുന്നു ആദ്യ പടി. വെള്ളം ശുദ്ധീകരിക്കാനുള്ള മോട്ടോറുകൾ സ്ഥാപിക്കുക മുകളിലും വശങ്ങളിലും നെറ്റ് സ്ഥാപിക്കുക തുടങ്ങി എല്ലാം സംവിധാനങ്ങളും ഒരുക്കുന്നതിനുമായി ഒന്നര ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ ചെലവുണ്ട്. വളരുന്നതിന് അനുസരിച്ച് ഒരു ദിവസം 150 രൂപ മുതൽ 250 രൂപ വരെ തീറ്റയ്ക്കും ചെലവുണ്ട്.