കാസർകോട്:കായൽ കരയിൽ ഇരുന്നു ചൂണ്ടയിട്ടു മീൻ പിടിക്കാം.. ആ മീൻ നല്ല മസാല ചേർത്ത് വറുത്തെടുത്ത് കഴിക്കാം.. കൊതി തോന്നുണ്ടല്ലേ?.. എങ്കില്‍ കാസര്‍കോട്ടേക്ക് വിട്ടോളൂ, അങ്ങനെയൊരു കിടിലൻ സ്ഥലമുണ്ട് ഇവിടെ - തേജസ്വിനി പുഴയ്ക്കരികിൽ.
പടന്നയിലെ പന്ത്രണ്ട് ഏക്കർ വിസ്‌തൃതിയിൽ കിടക്കുന്ന ആ സ്ഥലത്താണ് കായലും തൊട്ടരികിൽ ഫിഷ് കൗണ്ടി റെസ്റ്റോറന്‍റും ഉള്ളത്. ചൂണ്ടയിട്ടു മീൻ പിടിക്കാൻ അറിയില്ലെങ്കിൽ പ്രശ്‌നമില്ല ഏതു മീനാണ് വേണ്ടതെന്നു പറഞ്ഞാൽ വലയിൽ പിടിച്ചു ഫ്രൈ ചെയ്‌ത് മുന്നിൽ എത്തിക്കും. കരിമീൻ, ചെമ്പല്ലി, അമൂർ, പൂമീൻ തുടങ്ങി ആറോളം മീനുകൾ ഇവിടെ ലഭിക്കും. തൂക്കത്തിനാണ് മീനിന് വില ഈടാക്കുന്നത്.
അഗ്രി ഫാം ടൂറിസം എന്ന ആശയത്തോടെയാണ് ഫിഷ്‌കൗണ്ടി ഉടമ ഇസ്‌മയിൽ സ്ഥാപനം തുടങ്ങിയത്. നിരവധിപ്പേരാണ് ദിവസവും ചൂണ്ടയിട്ട് മീൻ പിടിച്ച് വറുത്ത് കഴിക്കാൻ എത്തുന്നത്. കൂട്ടുകറിയും തോരനും സാമ്പാറും ഉൾപെടെയുള്ള അടിപൊളി സദ്യയും ഇവിടെ ലഭിക്കും. റിസോർട്ടുകളുടെ പ്രവൃത്തിയും നടന്ന് വരികയാണ്. ഇത് കൂടി പൂർത്തിയായാൽ കാസർകോട്ടെ വിനോദസഞ്ചാരമേഖലയ്ക്ക് മുതൽ കൂട്ടാകും.