കഞ്ഞിക്കുഴിയിൽ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി ഇടുക്കി:കഞ്ഞിക്കുഴിയിൽ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി. ചുരുളി പതാൽ സ്വദേശി ഗോപി ( 65) ആണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തെങ്ങിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സമീപത്ത പുരയിടത്തിലെ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്ന് ഫയർ ഫോഴ്‌സും, കഞ്ഞിക്കുഴി പൊലീസും എത്തി ഗോപിയെ താഴെ ഇറക്കി. അവശനിലയിലായ ഗോപിയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ALSO READ:ടാർ വീപ്പയിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് അഗ്നിരക്ഷാസേന
വിദ്യാർഥിയെ രക്ഷിച്ച് മുക്കം അഗ്നിരക്ഷാസേന: ടാർ വീപ്പയിൽ വീണ് അവശനായ വിദ്യാർഥിയെ രക്ഷിച്ച് മുക്കം അഗ്നിരക്ഷാസേന. ഓമശ്ശേരി പഞ്ചായത്തിൽ എഴാം വാർഡിലെ മുണ്ടു പാറയിൽ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മൽ ഫസലുദീൻ്റെ മകൻ സാലിഹാണ് (7) ഈ മാസം ടാർ വീപ്പയിൽ വീണത്. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ നിറച്ച വീപ്പയിൽ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പക്കുള്ളിലെ ടാറിൽ കുടുങ്ങുകയായിരുന്നു.
ഇരുകാലുകളും മുട്ടിനു മുകൾ ഭാഗം വരെ ടാറിൽ പുതഞ്ഞു പോയ അവസ്ഥയിലായിരുന്നു. ആദ്യം വീട്ടുകാർ കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മുക്കം അഗ്നി രക്ഷ നിലയത്തിൽ വിവരമറിയിച്ചു. മുക്കത്തു നിന്നും എത്തിയ അഗ്നിശമന സേന അംഗങ്ങൾ അതിവിദഗ്‌ധമായി കുട്ടിയുടെ കാലുകൾക്ക് പരിക്കേൽക്കാതെ ടാറിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
ഈ മാസം 14 ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്. സ്‌റ്റേഷൻ ഓഫിസർ എം. അബ്‌ദുൽ ഗഫൂർ, സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫിസർ എൻ രാജേഷ്, ഫയർ ആൻ്റ് റെസ്ക്യു ഓഫിസർമാരായ കെ. ഷനീബ്, കെ.ടി സാലിഹ്, കെ. രജീഷ്, ആർ.വി അഖിൽ, ചാക്കോ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ.