തിരുവനന്തപുരം: മേയർ-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കത്തിൽ ഡ്രൈവര്‍ യദുവിന്‍റെ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഭർത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്‍റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് അടക്കം അഞ്ച് പേര്‍ക്കെതിരെയുള്ള എഫ്ഐആർ കോടതിയിൽ ഹാജരാക്കി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനിമോള്‍ എസ് രാജേന്ദ്രനാണ് കന്‍റോണ്‍മെന്‍റ് പൊലീസിനോട് കേസെടുക്കാന്‍ നേരത്തെ നിർദേശിച്ചിരുന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞ് വച്ചു, ബസിനുളളിലേക്ക് അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. 2024 ഏപ്രില്‍ 27ന് തൃശൂരില്‍ നിന്ന് ഉച്ചക്ക് ഒരു മണിക്ക് ബസ് തിരിക്കുമ്പോള്‍ ഡിപ്പോയില്‍ വച്ച് ബസ് പരിശോധിച്ച് സിസിടിവി ക്യാമറകള്‍ അടക്കം പ്രവര്‍ത്തന സജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. ഈ ബസിലെ മെമ്മറി കാര്‍ഡാണ് പിന്നീട് കാണാതായത്.