കുവൈറ്റ് തീപിടുത്തം: മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം കൈമാറി മന്ത്രി വീണ ജോര്‍ജ് (ETV Bharat) പത്തനംതിട്ട: കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം കൈമാറി. അപകടത്തിൽ മരിച്ച പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ട് കുടുംബങ്ങള്‍ക്കാണ് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ധനസഹായം കൈമാറിയത്. അപകടത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് പി ഉമ്മൻ പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരൻ എന്നിവരുടെ കുടുംബത്തിനുള്ള ധനസഹായം ആണ് കൈമാറിയത്.
14 ലക്ഷം രൂപവീതമാണ് ഇരുവരുടെയും കുടുംബത്തിന് ധനസഹായം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് തോമസ് പി ഉമ്മന്‍റെ ഭാര്യ മറിയാമ്മ ജോണികുട്ടി, ആകാശിന്‍റെ അമ്മ ശോഭ എസ് നായർ എന്നിവർക്ക് നൽകിയത് .
പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്‌ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്.
അഡ്വ. മാത്യു ടി തോമസ് എംഎൽഎ, ജില്ലാ കലക്‌ടർ എസ് പ്രേം കൃഷ്‌ണൻ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്‍റർ മാനേജർ സഫറുള്ള, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വാഴമുട്ടം,വള്ളിക്കോട് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ മുരളീധരന്‍ നായർ, കോന്നിത്താഴം അട്ടച്ചാക്കല്‍ ചേന്നശ്ശേരില്‍ വീട്ടിൽ സജു വര്‍ഗീസ് എന്നിവരുടെ കുടുംബങ്ങൾക്ക് നേരത്തെ ധനസഹായം കൈമാറിയിരുന്നു.
Also Read: കുവൈറ്റ് ദുരന്തം: പത്തനംതിട്ടയിലെ രണ്ട് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി