കണ്ണൂര്‍:വന്യജീവി ശല്യം കാരണവും കാലാവസ്ഥാ വ്യതിയാനം മൂലവും കാര്‍ഷിക മേഖല ഗുരുതരമായ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നാരോപിച്ച് കര്‍ഷക കോണ്‍ഗ്രസ്. കർഷകരുടെ ഗൗരവമായ പ്രശ്‌നം പോലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാതെ നോക്കി നില്‍ക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ജോയ് വേളുപുഴക്കല്‍ പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ഈ മാസം 25ന് കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണാ സമരം നടത്തി പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും ജോയ് വേളുപുഴക്കല്‍ പറഞ്ഞു.
വന്യജീവി ശല്യം കൊണ്ട് കാര്‍ഷിക നാശത്തിന് പുറമേ മലയോര മേഖലകളിലും മറ്റുമായി നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലും ശക്തമായ നിലപാടെടുക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൃഷിക്കാരന് കൃഷി ചെയ്‌ത് ജീവിക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ജോയ് വേളുപുഴക്കൽ കൂട്ടിച്ചേർത്തു.