ഇടുക്കി: പ്ലാസ്‌റ്റിക് ഷെഡിനുള്ളിൽ ദുരിത ജീവിതം നയിച്ച് ഒരു കുടുംബം. സ്വരാജ് തൊപ്പിപ്പാള എസ്‌സി കോളനിയിലെ തടത്തിൽ പറമ്പിൽ മല്ലിക സുരേന്ദ്രനും കുടുംബവുമാണ് നരക ജീവിതം നയിക്കുന്നത്. കൂലിപ്പണിക്കാരായ ദമ്പതികൾ രണ്ട് മക്കളുമായാണ് ഈ പ്ലാസ്‌റ്റിക് ഷെഡിൽ കഴിയുന്നത്.
പഞ്ചായത്തിൽ നിരവധി അപേക്ഷ നൽകിയിട്ട് വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് ഇവരുടെ നരക ജീവിതം തുടരാനിടയാക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഷെഡ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. മല്ലികക്ക് കുടുംബ സ്വത്തായി ലഭിച്ച അഞ്ച് സെൻ്റിൽ 12 വർഷം മുമ്പ് നിർമ്മിച്ചതാണ് ഈ ഒറ്റമുറി പ്ലാസ്‌റ്റിക് ഷെഡ്.
കാലപ്പഴക്കം മൂലം ഷെഡിൻ്റെ ഉറപ്പ് നഷ്‌ടപ്പെട്ടു. രണ്ട് കുട്ടികളുമായാണ് ഈ കുടുംബം ഇതിനുള്ളിൽ അന്തിയുറങ്ങുന്നത്. കൂലിപ്പണിക്കാരായ ദമ്പതികൾക്ക് അടച്ചുറപ്പില്ലാത്ത വീട്ടിൽ കുട്ടികളെ തനിച്ചാക്കി പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ 12 വർഷവും പഞ്ചായത്തിലും ഗ്രാമസഭയിലും അപേക്ഷ നൽകിയെങ്കിലും ഒരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
അവസാന വട്ടം എടുത്ത ലൈഫ് പദ്ധതിയുടെ ലിസ്‌റ്റിൽ ഉൾപ്പെട്ടുവെങ്കിലും കടമ്പകൾ ഏറെയാണ്. മാനദണ്ഡപ്രകാരം ആദ്യം ഭിന്നശേഷിക്കാർക്കും, തുടർന്ന് മാറാരോഗികൾക്കും, വയോധികർക്കുമാണ്. പിന്നീട് അതിദരിദ്രർക്കും വീടു നൽകിയ ശേഷം മാത്രമാണ് വീട് നൽകാൻ കഴിയൂ എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.