കണ്ണൂർ: ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം അന്തർ സംസ്ഥാനപാത സ്വപ്‌നം മാത്രമാകുന്നു. സംസ്ഥാനപാത യാഥാര്‍ഥ്യമാകുമെന്ന് കരുതി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു നിന്ന് 2005-ൽ കേരളം നിര്‍മിച്ച കൂറ്റൻ പാലവും വെറുതെയായി. വര്‍ഷങ്ങളുടെ കാത്തിരിപ്പ് തുടർന്നിട്ടും റോഡ് യാഥാർഥ്യമാക്കാൻ നടത്തിയ എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.
കേരള-കർണാടക സർക്കാരുകൾ തമ്മില്‍ ഏകോപനം ഇല്ലാത്തതും കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതുമാണ് പാതയുടെ നിർമാണത്തിന് തടസമായി നിൽക്കുന്നത്. വനനശീകരണം ചൂണ്ടിക്കാട്ടി കർണാടക വനംവകുപ്പ് റോഡ് നിർമാണത്തെ എതിർക്കുന്നതും റോഡ് പണി വൈകുന്നതിനുളള മറ്റൊരു കാരണമാണ്. ടൂറിസം, കാർഷിക മേഖല തുടങ്ങിയവയ്ക്ക് ഏറെ ഗുണം ചെയ്യുന്ന പാത യാഥാർഥ്യമാക്കുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഭാഗത്ത് നിന്ന് ഒരുപോലെ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുളിങ്ങോത്ത് നിന്ന് 17 കിലോമീറ്റർ ദൂരം മാത്രമാണ് ബാഗമണ്ഡലത്തിലേക്കുള്ളത്. ഇത്രയും ഭാഗം നവീകരിച്ചാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലയിൽ നിന്നുളള തീർഥാടകർക്കും യാത്രക്കാർക്കും തലക്കാവേരി, ബെംഗളൂരു, മൈസൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എളുപ്പത്തിൽ എത്താനാകും. ഇതുകൂടാതെ, ബെംഗളൂരുവിൽ നിന്ന് പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലേക്കും, ഏഴിമല നാവിക അക്കാദമിയിലേക്കും റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന പാത കൂടിയാണിത്. ഈ പാത നവീകരിച്ചാല്‍ രണ്ട് സംസ്ഥാനത്തുനിന്നുമുളള യാത്രക്കാരുടെ പണവും സമയവും ലാഭിക്കാനുമാകും.