തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ എക്സോലോജിക് കമ്പനിക്കെതിരെയുള്ള എസ്എഫ്ഐഒ അന്വേഷണം അനുവദിച്ച് കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒരു പരിധി വരെ ശരിവയ്ക്കും വിധമാണ് കോടതി വിധി.
ഇടപാടുകളുടെ സങ്കീര്‍ണതകളും കേസില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ പ്രവര്‍ത്തികളും നിമിത്തം. കേസുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാണെന്നും സൂക്ഷ്‌മവും സങ്കീര്‍ണവുമായ വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാമര്‍ഥ്യമുള്ള എസ് എഫ് ഐ ഒ തന്നെ അന്വേഷിക്കേണ്ടി വരുമെന്നും എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്‌സോലോജിക്ക് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് വിധി പറഞ്ഞത്. ഇന്നലെ വന്ന വിധിയുടെ 46 പേജുള്ള വിധി പകര്‍പ്പുകള്‍ ഇന്നാണ് കോടതി പുറത്തുവിട്ടത്.