എറണാകുളം : ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. വധശ്രമക്കേസിന്‍റെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സമാന ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഇ പി ജയരാജനെ 1995 ഏപ്രിൽ 12 ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ട്രെയിനിലെ വാഷ്ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നു. പേട്ട ദിനേശൻ, ടി പി രാജീവൻ, ബിജു, കെ സുധാകരൻ എന്നിവരായിരുന്നു മറ്റ് പ്രതികൾ.