തിരുവനന്തപുരം : ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആസൂത്രിതമായ പദ്ധതിയുണ്ടെന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശോഭ സുരേന്ദ്രനെ തനിക്ക് പണ്ടേ ഇഷ്‌ടമല്ല. അവരുടെ പ്രസംഗം മോശമാണ്. എന്തിനാണ് തന്നെപ്പോലുള്ള ഒരാൾ ശോഭ സുരേന്ദ്രനോട് സംസാരിക്കുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു. ഉമ്മൻ ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകാണുന്നത്. അവരോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല. ഈ ആരോപണങ്ങൾ മാധ്യമങ്ങൾ നിഷ്‌പക്ഷമായി അന്വേഷിക്കണം.
ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തോട്, 'കേരളത്തിൽ തന്‍റെ പൊസിഷൻ നോക്കൂ. ഞാൻ ബിജെപിയിൽ ചേരാനോ? അല്‍പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ?' -എന്നായിരുന്നു ഇ പിയുടെ മറുപടി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ചയിലും ഇപി പ്രതികരിച്ചു. പലരും തന്നെ വന്നു കാണാറുണ്ടെന്നും അതൊക്കെ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ആസൂത്രിതമായ പദ്ധതിയാണിത്. അതിന്‍റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നത്. ഒരാള്‍ എന്നെ വന്നു കാണുന്നത് പാർട്ടിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ. പാർട്ടി നേതാക്കന്മാർ പലരെയും കാണാറുണ്ട്. ഞങ്ങളെ പലരും വന്നു കാണാറുമുണ്ട്. എല്ലാ രാഷ്ട്രീയ കാര്യങ്ങളും ചർച്ച ചെയ്യുന്ന പാർട്ടിയാണിത്. ദല്ലാൾ നന്ദകുമാർ എന്തിനാണ് മുൻ കേന്ദ്രമന്ത്രിയുമായി വന്നത്.
ദല്ലാളുമായി ഒരു അമിത ബന്ധവുമില്ല. പലരുമായി പരിചയമുണ്ട്. അത് ദുരുപയോഗം ചെയ്യുമോ എന്നത് ജാഗ്രതയോടെ നോക്കുകയാണ്. മാധ്യമങ്ങൾ ഇങ്ങനെ വാർത്ത നൽകുന്നതുകൊണ്ടാണ് എന്തും പറയുന്ന അവസ്ഥയിലേക്ക് അവർ വരുന്നത്. സെക്രട്ടേറിയറ്റില്‍ ലോകത്തിലെ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയും ചര്‍ച്ച ചെയ്യുമായിരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറുമോയെന്ന ചോദ്യത്തിന് ഇതൊക്കെ ഇത്ര നിസാരമായിട്ടാണോ കാണുന്നതെന്നും സിപിഐക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു. അതേസമയം ഇ പി ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്‌ച നടത്തിയെന്നും ബിജെപിയില്‍ ചേരാനിരുന്നതിന്‍റെ തലേദിവസമാണ് അദ്ദേഹം പിന്മാറിയതെന്നും ബിജെപിയില്‍ ചേരാനുറച്ചാണ് ഇപി ഡല്‍ഹിയിലെത്തിയതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ പി ജയരാജൻ ആരോപണം തള്ളി രംഗത്തെത്തിയത്.
ALSO READ:ഇപി-ജാവദേക്കർ കൂടിക്കാഴ്‌ച: പാർട്ടിയിൽ പറഞ്ഞിട്ടാണെങ്കില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശൻ