തിരുവനന്തപുരം :സിപിഎം സമ്മേളനങ്ങള്‍ക്ക് നാളെ (സെപ്‌റ്റംബർ 1) തുടക്കം. ബ്രാഞ്ച് സമ്മേളനം ആരംഭിച്ചാല്‍ അച്ചടക്ക നടപടിയെടുക്കാനാകില്ലെന്ന് സിപിഎം ഭരണ ഘടനയില്‍ വ്യവസ്ഥയുള്ളതിനാലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കുമെതിരെ കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നതെന്ന് സൂചന. രണ്ട് പേരും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായിട്ടും ഇരുവരെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ തെറ്റ് തിരുത്തല്‍ നടപടിയിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തന ശൈലിയെ പോലും ചിലര്‍ വിമര്‍ശിച്ചതായി സൂചനകളുണ്ടായിരുന്നു. ഇതേ യോഗത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍റെ ബിജെപി രഹസ്യ കൂടിക്കാഴ്‌ചയും അതിന് ജയരാജന്‍ നല്‍കിയ പരസ്യ വിശദീകരണവുമൊക്കെ ചര്‍ച്ചയായത്. ഇതിനെതിരെ നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പാർട്ടി അതിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയായിരുന്നു.
പാര്‍ട്ടി അടിമുടി സമ്മേളന നടപടികളിലേക്ക് പോകുമ്പോള്‍ പാര്‍ട്ടി പ്രഖ്യാപിച്ച തെറ്റ് തിരുത്തല്‍ എവിടെയെന്നുള്ള ചോദ്യം താഴെ തട്ട് മുതല്‍ ഉയരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് നേതൃത്വം കണക്ക് കൂട്ടി. അങ്ങനെയാണ് ഇപി ജയരാജനെതിരെയും അതുപോലെ തന്നെ പാലക്കാട് ജില്ല കമ്മിറ്റിക്ക് ലഭിച്ച ചില പരാതികള്‍ പരിശോധിച്ച് മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ കൂടിയായ ശശിക്കുമെതിരെയും നടപടിയെടുത്തത്.
ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാനാണ് പാലക്കാട് ജില്ല കമ്മിറ്റി തീരുമാനിച്ചത്. ഇതിനും ഇന്നത്തെ സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. ഇക്കാര്യം ഇന്ന് (ഓഗസ്‌റ്റ് 31) സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ സ്ഥിരീകരിച്ചു.
മാത്രമല്ല, നേതാക്കള്‍ക്കും മുകളിലാണ് പാര്‍ട്ടി എന്ന സന്ദേശം നല്‍കാനും ഇതിലൂടെ സാധിച്ചുവെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി കൂടുതല്‍ പിടിമുറുക്കുന്നു എന്ന സന്ദേശവും ഇതിലൂടെ നല്‍കുന്നുണ്ട്. സിപിഎമ്മിന്‍റെ ഉയര്‍ന്ന ഘടകവും കേന്ദ്രകമ്മിറ്റി അംഗവുമായ ജയരാജന്‍ ഒരു പക്ഷേ ഇനി പാര്‍ട്ടി രംഗത്ത് നിര്‍ജീവമാകാനാണ് തീരുമാനിക്കുന്നതെങ്കില്‍ മികച്ച ഒരു സംഘാടകനെയാകും പാര്‍ട്ടിക്ക് നഷ്‌ടമാകുക എന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.