അരികൊമ്പൻ വിദഗ്‌ധ സമിതിയുടെ നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് ആനപ്രേമികൾ (ETV BHARAT IDUKKI) ഇടുക്കി: ഒരു വർഷത്തെ പഠനത്തിന് ശേഷം ഹൈക്കോടതിയിൽ സമർപ്പിച്ച അരികൊമ്പൻ വിദഗ്‌ധ സമിതിയുടെ നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് ആന പ്രേമികൾ. അരികൊമ്പനെ ചിന്നക്കനാൽ നിന്നും മാറ്റിയതിൽ യാതൊരുവിധ പ്രയോജനവും ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അരികൊമ്പനെ കാടു കടത്തിയെങ്കിലും ചക്കക്കൊമ്പൻ ആ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. പടയപ്പയെ മൂന്നാറിൽ നിന്നും മാറ്റരുതെന്ന അരികൊമ്പൻ വിദഗ്‌ധ സമിതിയുടെ നിർദേശവും സ്വാഗതാർഹമാണെന്നാണ് ആനപ്രേമികൾ പറയുന്നത്.
ആനകളെ മാറ്റുന്നതു കൊണ്ട് കാര്യമില്ല. മറ്റൊരു കൊമ്പൻ തൽസ്ഥാനം ഏറ്റെടുക്കും. അതിനാൽ ആനകൾക്ക് ആവശ്യമായ സഞ്ചാര പാതയും വെള്ളവും ഒരുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇത് വനം വകുപ്പ് ചെയ്യുന്നില്ലെന്നാണ് ആനപ്രേമികൾ ആരോപിക്കുന്നത്. ആനകൾക്ക് റോഡ് മുറിച്ച് കിടക്കുന്നതിനായി ആകാശപാതകളും അണ്ടർ പാതകളും നിർമ്മിക്കുമെന്ന് വനം വകുപ്പ് മന്ത്രി മുമ്പ് പറഞ്ഞിരുന്നതാണ്. എന്നാൽ യാതൊരുവിധ നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ റൈസൻ പി ജോസഫ് പറഞ്ഞു.
അരിക്കൊമ്പൻ വിദഗ്‌ധ സമിതി റിപ്പോർട്ടിലെ നിർദേശങ്ങൾ:
ഒരു വർഷത്തെ പഠനത്തിന് ശേഷമാണ് അരിക്കൊമ്പൻ വിദഗ്‌ദ സമിതി ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. അരിക്കൊമ്പനെ കാടു കടത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയെ തുടർന്നാണ് വിദഗ്‌ദ സമിതിയെ നിയമിക്കുന്നത്. 2023 മാർച്ചിലാണ് മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നിർദേശങ്ങൾ സമർപ്പിക്കാനായി ഹൈക്കോടതി വിദഗ്‌ദ സമിതിയെ നിയമിച്ചത്.
ചിന്നക്കനാലിൽ 19 ആനകൾ അടങ്ങുന്ന ആനക്കൂട്ടം ഒറ്റപ്പെട്ട് ജീവിക്കുന്നുവെന്നും മൂന്നാറിൽ നിന്ന് പടയപ്പയെ മാറ്റിയതു കൊണ്ട് പ്രശ്‌നങ്ങൾ തീരില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ആനത്താരകൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ റിസോർട്ടുകൾ ആനത്താരകൾ കൈയ്യടക്കിയതോടെ ആനകൾക്ക് ഭക്ഷണവും വെള്ളവും വേണ്ടത്ര ലഭിക്കുന്നില്ല. ഇതോടെയാണ് ആനകൾ ജനവാസ മേഖലയിലേക്ക് വരുന്നത്. മൂന്നാറിൽ നിന്ന് പടയപ്പയെ മാറ്റിയാൽ മറ്റൊരു കൊമ്പൻ തൽസ്ഥാനം ഏറ്റെടുക്കുമെന്നതിനാൽ മൂന്നാറിൽ നിന്ന് പടയപ്പയെ മാറ്റിയതു കൊണ്ട് പ്രയോജനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: അരിക്കൊമ്പനെ കാട് കടത്തിയിട്ട് നാളേക്ക് ഒരു വർഷം; ചിന്നക്കനാലില്‍ ഇപ്പോഴും കാട്ടാനശല്യം രൂക്ഷം