പത്തനംതിട്ട:വയോധിക ദമ്പതികളെ വെർച്വൽ അറസ്‌റ്റിൽ നിർത്തി 48 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസിൽ എട്ടാം പ്രതിയെ പൊലീസ് പിടികൂടി. സേലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് സേലം സ്വദേശി അരുൾ കുമാർ ജയരാമനാണ് ( 38) ഏനാത്ത് പൊലീസിന്‍റെ ഊർജ്ജിതമായ അന്വേഷണത്തിൽ കുടുങ്ങിയത്. ഇന്നലെ (ഫെബ്രുവരി 25) രാവിലെ 7നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്.
കടമ്പനാട് സ്വദേശിയും ഭാര്യയുമാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞവർഷം ഡിസംബർ 2ന് ഒന്നാംപ്രതി മോഹന്‍കുമാര്‍ ഇദ്ദേഹത്തിന്‍റെ ഫോണിൽ വിളിച്ച് ആധാർ നമ്പർ ഉപയോഗിച്ച് മുംബൈ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഉച്ചയ്ക്ക് 12.08 ന് അക്കൗണ്ട് തുടങ്ങിയെന്നും, ഈ ആധാർ നമ്പർ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കോളുകളും സ്‌കാം സന്ദേശങ്ങളും അയച്ചതായും പറഞ്ഞ് വിശ്വസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തിരുന്നു.
തുടർന്ന് ഇയാൾ രണ്ടാംപ്രതി സ്വാതി എന്ന സ്ത്രീയെ മഹാരാഷ്ട്ര സൈബർ പൊലീസ് എസ്ഐ ആണെന്ന് പരിചയപ്പെടുത്തി. വയോധികന്‍റെ മുംബൈയിൽ എടുത്ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് 3.9 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ ഇദ്ദേഹം പ്രതിയാണെന്നും പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി. തുടർന്ന് മൊബൈൽ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി സന്ദേശങ്ങൾ അയക്കുകയും, ഇദ്ദേഹത്തെയും ഭാര്യയെയും വീഡിയോ കോളിൽ നിരീക്ഷണത്തിൽ നിർത്തുകയും ചെയ്‌തു.
കേസിൽ നിന്നും രക്ഷപ്പെടുത്താൻ പണം ആവശ്യപ്പെട്ട പ്രതികൾ, അടുത്ത ദിവസം വയോധികന്‍റെ കടമ്പനാട് എസ്ബിഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 12 ലക്ഷം രൂപ മൂന്നാം പ്രതി അനിൽകുമാറിന്‍റെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് ആർടിജിഎസ് മുഖേന ട്രാൻസ്‌ഫര്‍ ചെയ്‌തു. അന്നുതന്നെ കടമ്പനാട് ഉള്ള ഫെഡറൽ ബാങ്കിന്‍റെ അക്കൗണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് ഇതേ രീതിയിൽ ട്രാൻസ്‌ഫര്‍ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് ഡിസംബർ നാലിന് അടൂർ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും നാലാം പ്രതി സന്ദീപ് കുമാറിന്‍റെ ജയ്‌പൂരിലെ കോടാക് മഹീന്ദ്ര ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് 4,90,000 രൂപ ഇത്തരത്തിൽ മാറ്റിയെടുത്തു. തൊട്ടടുത്ത ദിവസം കടമ്പനാട് എസ് ബി ഐ ശാഖയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നും 10,81,000 രൂപ അഞ്ചാം പ്രതി സഞ്ജീവ് ആചാര്യ എന്നയാളുടെ കൊടാക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിച്ചു.