കേരളം

kerala

ETV Bharat / state

കരുവന്നൂര്‍ കേസ്; പി കെ ബിജുവിനെ എട്ടരമണിക്കൂര്‍ ചോദ്യം ചെയ്‌ത് ഇഡി - ED questioned P K Biju

പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്‌ത് വിട്ടയച്ചു. ചോദ്യം ചെയ്യല്‍ നീണ്ടത് എട്ടരമണിക്കൂര്‍. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്ന് ബിജു

ED QUESTIONED P K BIJU  KARIVANNUR BANK FRAUD  EIGHT HOUR LONG QUESTIONING  LOKSABHA ELECTION 2024
Karivannur Bank Fraud: ED questioned P K Biju for Eight and half hours

By ETV Bharat Kerala Team

Published : Apr 11, 2024, 7:53 PM IST

കൊച്ചി: കരുവന്നൂര്‍ കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ബിജുവിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ബിജുവിനെ വിട്ടയച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്‌തത്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്ന് പികെ ബിജു ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു.

കരുവന്നൂർ കേസിൽ ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് പി കെ ബിജുവാണെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസിലെ മുഖ്യപ്രതി സതീഷ് കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.

കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണത്തിൽ നിന്നും ഒരു പങ്ക് പി കെ ബിജുവിന് ലഭിച്ചതായും ഇഡി സംശയിക്കുന്നു. സതീഷ് കുമാറിന് ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇഡി പി കെ ബിജുവിനെതിരെയും അന്വേഷണം തുടങ്ങിയത്. കരുവന്നൂർ സഹകര ബാങ്ക് ക്രമക്കേടിൽ സിപിഎം നടത്തിയ അന്വേഷണത്തിന്‍റെ ചുമതല പി കെ ബിജുവിനായിരുന്നു. ഈയൊരു സാഹചര്യത്തിൽ പി കെ ബിജുവിനെ ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.

ലോക്‌സഭ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടിയാണ് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ഇഡി നടത്തിയ നിർണായക നീക്കമായിരുന്നു കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷന് റിപ്പോർട്ട് നൽകിയത്.

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന വിവരവും, ഇതേ കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഇഡി ഇലക്ഷൻ കമ്മിഷന് നൽകിയത്. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്കിന്‍റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം.

ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓഡിറ്റിൽ നിന്ന് ഈ അക്കൗണ്ടു വിവരങ്ങൾ മറച്ചുവച്ചു എന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിനു പുറമെയും തൃശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടികാണിക്കുന്നു.

Also Read:കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ് ; സിപിഎം നേതാക്കളെ വീണ്ടും ചോദ്യം ചെയ്‌ത് ഇ ഡി

നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെവും ഇലക്ഷൻ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു. അതേസമയം ഈ വിവരങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിനും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്.

ABOUT THE AUTHOR

...view details