തിരുവനന്തപുരം : അർധരാത്രി പൊലീസിനും നാട്ടുകാർക്കും തലവേദനയായി വാഹനാപടത്തിൽപ്പെട്ട യുവാവ്. വട്ടപ്പാറയിലെ മരുതൂർ ജങ്‌ഷനിൽ വെള്ളിയാഴ്‌ച (മെയ് 10) രാത്രി 11 മണിയോടെയാണ് സംഭവം. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അനന്ദു കൃഷ്‌ണയാണ് അപകടത്തിൽപ്പെട്ടത്.
പിന്നിൽ കാർ വന്നിടിച്ച് നിർത്താതെ പോകുകയായിരുന്നു. അപകടം നടന്നയുടൻ അനന്ദുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തയാറായില്ല. ശരീരത്തിൽ നിന്നും രക്തം വാർന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ മണ്ണന്തല പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് സംഘം 108 ആംബുലൻസുമായി സ്ഥലത്ത് എത്തിയെങ്കിലും അമ്മയും അച്ഛനും വരാതെ എങ്ങോട്ടുമില്ലെന്ന് അനന്ദു തീർത്തു പറയുകയായിരുന്നു. ഇതോടെ പൊലീസും നാട്ടുകാരും വെട്ടിലായി. ബലം പ്രയോഗിച്ച് ആംബുലൻസിലെ ബെഡിൽ കയറ്റാൻ നോക്കിയെങ്കിലും അനന്ദു ആംബുലൻസിൽ നിന്നും രണ്ട് തവണ പുറത്ത് ചാടി.