കോഴിക്കോട്: സ്വകാര്യ ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു (Driver injured in bus turns over house at Olavanna). ഒളവണ്ണയ്ക്ക് സമീപം കമ്പിളി പറമ്പിലാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവറായ മാറാട് സ്വദേശി ദീപക്കിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. ബസിന്‍റെ അവസാന ട്രിപ്പായതിനാൽ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഇത് അപകടത്തിന്‍റെ ആഘാതം കുറച്ചതായി നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെ രണ്ടു കാലുകളും ബസിന്‍റെ സീറ്റിന്‍റെ അടിയിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. മീഞ്ചന്തയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയാണ് ബസിന്‍റെ മുൻഭാഗം മുറിച്ച് ഡ്രൈവറെ പുറത്തെത്തിച്ചത്. നല്ലളം പൊലീസും നാട്ടുകാരും സഹായത്തിനായി എത്തിയിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.