ബംഗ്ലാദേശില്‍ തുടരുന്ന അസ്ഥിരതയും നിലവിലെ പ്രശ്‌നങ്ങളും ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശിനും ഇന്ത്യയ്ക്കും ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയുംപറ്റി അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും പ്രമുഖ നയതന്ത്ര വിദഗ്‌ധനുമായ ഡോ. ടിപി ശ്രീനിവാസന്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
ബംഗ്ലാദേശില്‍ കഴിഞ്ഞ ഒരാഴ്‌ചയായി നടക്കുന്ന സംഭവ വികാസങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. 15 വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന വളരെ പെട്ടെന്ന് ഏകാധിപതിയും ഫാസിസ്റ്റുമായി ചിത്രീകരിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്‌തിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ഒരാഴ്‌ചയ്ക്ക് മുന്‍പ് വരെ പ്രശ്‌നങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ചില പ്രശ്‌നങ്ങള്‍ ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് ഉണ്ടെന്നത് ശരിയാണ്. ശക്തമായ നിയമങ്ങളോടെയാണ് അവര്‍ ഭരിച്ചിരുന്നതെന്ന ഒരു പരാതി അവരെക്കുറിച്ചുണ്ടായിരുന്നു. അതു കൊണ്ടാണ് അവര്‍ക്ക് 15 വര്‍ഷം അവിടെ ഭരിക്കാന്‍ കഴിഞ്ഞതെന്ന് മാത്രമല്ല, രാജ്യത്തെ അതിവേഗം വികസന പാതയിലേക്കെത്തിക്കാനും സാധിച്ചു.
ഒരു ഘട്ടത്തില്‍ ഇന്ത്യയെ പോലും കടത്തിവെട്ടുന്ന നിലയിലേക്ക് ആ രാജ്യം വികസിക്കുന്ന നിലപോലുമുണ്ടായി. അത്രമാത്രം മികച്ച ഭരണമാണ് അവര്‍ കാഴ്‌ചവച്ചിരുന്നതെങ്കിലും അവര്‍ക്കെതിരെ ഒരു ഭാഗത്ത് എതിര്‍പ്പുകള്‍ ഉയരുന്നുണ്ടായിരുന്നു. അത്തരം എതിര്‍പ്പുകളെ ഷെയ്ഖ് ഹസീന ശക്തമായി തന്നെ നേരിടുകയും ചെയ്‌തു.
അവരുടെ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയയെ വര്‍ഷങ്ങളായി ഹസീന ജയിലിലടച്ചിരിക്കുകയാണ്. ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ മക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരായാണ് അവിടെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ പ്രശ്‌നത്തില്‍ കോടതി ഇടപെട്ട് പ്രശ്‌നം ഏകദേശം പരിഹരിക്കപ്പെട്ടു കഴിഞ്ഞ ശേഷമാണ് വളരെ വേഗം സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്. ഇതിന് പിന്നില്‍ എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല.
പിന്നില്‍ ചൈന-പാകിസഥാന്‍ അച്ചുതണ്ടോ?
ഇതിന് പിന്നില്‍ ചൈനയാണെന്ന സംശയം ഉയരുന്നുണ്ട്. കാരണം ഇത് സംഭവിക്കുന്നതിന് കുറച്ചു ദിവസം മുന്‍പ് ഷെയ്ഖ് ഹസീന ചൈന സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവരെ വേണ്ട രീതിയില്‍ സ്വീകരിക്കുകയോ അവര്‍ക്ക് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സ്വീകരണം നല്‍കുകയോ ഒന്നും ചൈന ചെയ്‌തില്ല. ഇത് തികച്ചും അസാധാരണമായിരുന്നു.
ഒരുപക്ഷേ ചൈനയെ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ സംശയിക്കാന്‍ ഇതൊരു കാരണമായി പറയുന്നുണ്ട്. ചൈന എല്ലായ്‌പ്പോഴും പാകിസ്ഥാനുമായി ആലോചിച്ച് മാത്രം തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കാര്യങ്ങള്‍ ചെയ്യുകയാണ് പതിവ്. അതും ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ കാര്യത്തില്‍ സംശയത്തിനിടയാക്കുന്ന കാര്യമാണ്.
വിദ്യാര്‍ഥി സമരം വളരെ പെട്ടെന്നാണ് അക്രമ സമരമായി മാറുകയും വിദ്യാര്‍ഥികളെ കൊലപ്പെടുത്തുന്ന നിലയിലേക്കും മറ്റും നീങ്ങുകയും ചെയ്‌തത്. ബംഗ്ലാദേശ് പട്ടാളം ആവശ്യപ്പെട്ടിട്ടാകാം ഷെയ്ഖ് ഹസീന രാജിവയ്‌ക്കുകകയും രാജ്യം വിടുകയും ചെയ്‌തത് എന്നാണ് അനുമാനിക്കുന്നത്. അങ്ങനെയാണ് അവര്‍ ഹെലികോപ്‌ടറില്‍ ഇന്ത്യയിലെത്തിയത്.
ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലാണുള്ളത്. പക്ഷേ എത്രകാലം അവര്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് വ്യക്തമല്ല. അവിടെ നൊബേല്‍ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഗ്രാമീണ്‍ ബാങ്ക് എന്ന ഒരു ധനകാര്യ സംവിധാനം പ്രത്യേകിച്ചും സ്‌ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഈ പ്രസ്ഥാനത്തിന് മുന്‍കൈ എടുത്തതിന്‍റെ പേരിലാണ് 2006-ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.