സംവിധായകന്‍ ഹരികുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു (Source: ETV Bharat Reporter) തിരുവനന്തപുരം:അന്തരിച്ച സംവിധായകൻ ഹരികുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:30 ന് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ പൊതുദർശനത്തിന് വച്ച ശേഷമായിരുന്നു സംസ്‌കാരം. സിനിമ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
മന്ത്രി സജി ചെറിയാൻ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ചലച്ചിത്ര അക്കാദമി മുൻ പ്രസിഡന്‍റും പ്രശസ്‌ത സംവിധായകനുമായി കമൽ, നിർമ്മാതാവ് സുരേഷ്, നടന്മാരായ പ്രേംകുമാർ, ഇന്ദ്രൻസ്, മുകേഷ് എന്നിവരും കലാരംഗത്തെ സഹപ്രവർത്തകരും അവസാനമായി അനശ്വര കലാകാരന്‍റെ അന്ത്യയാത്രയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.30നാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. അവസാന സ്ക്രിപ്റ്റ് പണിപ്പുരയിലിരിക്കെയാണ് സംവിധായകൻ ഹരികുമാറിന്‍റെ അപ്രതീക്ഷിത വിയോഗമെന്ന് നടനും കൊല്ലം എംഎൽഎയുമായ മുകേഷ് പറഞ്ഞു.
കൊല്ലത്ത് നിരന്തരമായി കല സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരുമിച്ച് ഒരു സിനിമയിൽ മാത്രമാണ് പ്രവർത്തിച്ചത്. എന്നാൽ അതിന് ശേഷവും പല സാഹചര്യങ്ങളിലും കണ്ടുമുട്ടുകയും സൗഹൃദം തുടരുകയും ചെയ്‌തിരുന്നുവെന്നും മുകേഷ് പറഞ്ഞു.
ചെന്നൈ കാലം മുതൽക്കുള്ള സുഹൃത്തിനെയാണ് നഷ്‌ടമായതെന്ന് സംവിധായകൻ കമൽ അനുസ്‌മരിച്ചു. സംവിധായകനാകുന്നതിന് മുമ്പ് തുടങ്ങിയതാണ് അദ്ദേഹവുമായുള്ള ബന്ധം. അദ്ദേഹത്തിന്‍റെ ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ സംവിധായകനായതിന് ശേഷവും സുഹൃത്ത് ബന്ധം തുടർന്നു.
ALSO READ:മലയാളത്തിന്‍റെ സുകൃതത്തിന് വിട; ഹരികുമാർ ഇനി ഓർമ - Life Story Of Director Harikumar
വ്യക്തിപരമായി ഇഷ്‌ടപ്പെട്ട നിരവധി സിനിമകൾ ചെയ്‌ത സംവിധായകനെയാണ് നഷ്‌ടമായത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ പൊതു ദർശനത്തിൽ സംവിധായകൻ ഹരികുമാറിന്‍റെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.