കേരളം

kerala

കോഴിക്കോട് എൻഐടി ക്യാമ്പസിൽ രാത്രിയില്‍ കർശന നിയന്ത്രണങ്ങള്‍ ; ഉത്തരവിറക്കി ഡീന്‍

By ETV Bharat Kerala Team

Published : Mar 21, 2024, 9:07 AM IST

നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവിറക്കിയതെന്ന് എന്‍ഐടി ഡീന്‍

Dean Has Imposed Strict Control  Kozhikode NIT Campus  restrictions for students  students protest
കോഴിക്കോട് എൻഐടി ക്യാമ്പസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഡീൻ

കോഴിക്കോട് :ചാത്തമംഗലം എൻഐടി ക്യാമ്പസിൽ രാത്രി 11 മണിക്ക് ശേഷം വിദ്യാർഥികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി (Kozhikode NIT Campus). 12 മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവിറക്കിയത്.

ഉത്തരവില്‍ പറയുന്നത് പ്രകാരം ക്യാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന ക്യാന്‍റീനുകള്‍ ബുധനാഴ്‌ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ആവശ്യം. വിദ്യാര്‍ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള ക്യാന്‍റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഹോസ്‌റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ 11 മണിക്ക് മുമ്പ് മുറിയില്‍ എത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നു എന്നീ കാരണങ്ങള്‍ പരിഗണിച്ചാണ് ഹോസ്‌റ്റല്‍ സമയത്തില്‍ നിയന്ത്രണം എന്നും ഡീനിന്‍റെ ഉത്തരവില്‍ പറയുന്നു.

സ്ഥിരമായി രാത്രി വൈകി ഉറങ്ങുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതുവഴി പഠനത്തെയും ഉള്‍പ്പടെ ബാധിക്കും. തുടര്‍ച്ചയായി ഉറക്കക്രമം തെറ്റുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്നതും കൂടി കണക്കിലെടുത്താണ് നിയന്ത്രണം എന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഡീൻ ഇറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾക്ക് വലിയ പ്രതിഷേധമുണ്ട്.

ABOUT THE AUTHOR

...view details