കേരളം

kerala

ETV Bharat / state

സിയാലിൻ്റെ ചരിത്രത്തിലിതാദ്യം; അപൂർവയിനം പക്ഷികളെ കടത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

ബാങ്കോക്കിൽ നിന്നാണ് അപൂർവയിനം പക്ഷികളെ കേരളത്തിലേക്ക് പ്രതികൾ കടത്തിയത്.

നെടുമ്പാശേരി എയർപോർട്ട്  BIRD SMUGGLING  COCHIN AIRPORT  SMUGGLING
Rare birds seized from Cochin Airport. (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

എറണാകുളം :നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷി വേട്ട. പതിനാല് അപൂർവയിനം പക്ഷികളെയാണ് കസ്റ്റംസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത്ത് എന്നിവരുടെ പക്കൽ നിന്നാണ് പക്ഷികളെ പിടികൂടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ (ഡിസംബർ 01) രാത്രിയാണ് സംഭവം. നെടുമ്പാശേരി എയർപോർട്ടിൽ ബാങ്കോക്കിൽ നിന്നാണ് ബിന്ദു, ശരത്ത് എന്നിവർ എത്തുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ ഇവരുടെ പെരുമാറ്റത്തിൽ കസ്റ്റംസിന് സംശയം തോന്നി. ഇവർ സ്വർണം കടത്തുന്നവരാണെന്ന് സംശയിച്ച് കസ്റ്റംസ് ബാഗ് വിശദമായി പരിശോധിച്ചു. ഇതോടെയാണ് ബാഗിൽ നിന്നും ചിറകടി ശബ്‌ദം ഉയർന്നത്. വിശദമായി പരിശോധിച്ചപ്പോൾ അക്ഷരാർഥത്തിൽ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. ജീവനുള്ള വേഴാമ്പലുകൾ ഉൾപ്പെടെ 14 അപൂർവയിനത്തിൽപ്പെട്ട പക്ഷികളെയാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ യാത്രക്കാർ കടത്താൻ ശ്രമിച്ചത്.

നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് അപൂർവയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയപ്പോൾ. (ETV Bharat)

മാർക്കറ്റിൽ 25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളെയാണ് കടത്തിയത്. ഇതിൽ ഭക്ഷണം നൽകി സംരക്ഷിക്കേണ്ട ഇനങ്ങളും, സ്വന്തമായി ഭക്ഷണം കണ്ടെത്തി കഴിക്കുന്നവയും ഉണ്ടായിരുന്നു. നടപടികൾക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്‌ക്കുന്നതായിരിക്കും.

ഇപ്പോൾ ഡോക്‌ടർമാരുടെയും മറ്റു പക്ഷിവിദഗ്‌ധരുടെയും പരിചരണത്തിലാണ്. പക്ഷിക്കടത്തിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് ഇത് ചെയ്‌തതെന്ന് പിന്നീട് പ്രതികൾ സമ്മതിച്ചു.

കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്. പക്ഷികളെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് തുടർനടപടികൾക്കായി പക്ഷികളെയും യാത്രക്കാരെയും വനംവകുപ്പ് ഉദ്യോസ്ഥർക്ക് കൈമാറി. കൊച്ചി കസ്റ്റംസും വനം വകുപ്പും സംയുക്തമായി തുടരന്വേഷണം നടത്തുന്നതായിരിക്കും.

Also Read:പൊടി രൂപത്തിലാക്കി കാർഡ്ബോർഡ് ബോക്‌സിനുള്ളിൽ സ്വർണക്കടത്ത്; മൂവാറ്റുപുഴ സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ABOUT THE AUTHOR

...view details