എറണാകുളം: പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയിൽ. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. റിട്ട. ജഡ്‌ജിമാർക്കെതിരെയടക്കം കേസെടുക്കുന്നതിൽ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ ആഭ്യന്തര വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.
പാതിവില തട്ടിപ്പിൽ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ നിന്നും റിട്ട. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ ഒഴിവാക്കുമെന്ന് പൊലീസ് റിപ്പോർട്ടിലൂടെയാണ് അറിയിച്ചത്. തുടർന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. റിട്ട ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ല, അന്വേഷണം പൂർത്തിയാക്കാൻ സാഹചര്യമൊരുക്കണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.