തിരുവനന്തപുരത്ത് കാക്കകളുടെ പ്രിയപ്പെട്ട ഒരു സുഹൃത്ത് ഉണ്ട്. പടിഞ്ഞാറെ കോട്ടയ്‌ക്ക് സമീപം ചായക്കട നടത്തുന്ന മുരുകൻ ചേട്ടൻ. എന്നാൽ ഒന്ന് അറിയണമല്ലോ ആ അപൂർവ സൗഹൃദം. നേരെ വച്ചുപിടിച്ചു, പടിഞ്ഞാറെ കോട്ടയിലേക്ക്.
മുരുകൻ ചേട്ടന്‍റെ കട കണ്ടെത്താൻ ഒരൽപം ബുദ്ധിമുട്ടി. അവിടെ കണ്ട ഒരു അമ്മാവനോട് മുരുകൻ ചേട്ടനെ പറ്റിയും കാക്കകളെ പറ്റിയും അന്വേഷിച്ചു. തനി തിരുവനന്തപുരം സ്ലാങ്ങിൽ അമ്മാവന്‍റെ മറുപടി. 'യ്യോ മുരുകനെ പറ്റി പറഞ്ഞ ഒട്ടണ്ട്. പയല് എവിടെ പൊളിച്ചോണ്ട് പോയി കടയിട്ടാലും പറ്റം ചേർന്ന് കാക്കകൾ പൊളൊന്നോണ്ട് ചെല്ലും. ഞങ്ങൾക്കറിയില്ല അവന്‍റെ കൈയിലെ മായപ്പൊടിയെ കുറിച്ച്. കട തപ്പി നടക്കണ്ട പടിഞ്ഞാറെ കോട്ടയുടെ നേരെ മുന്നില്‍ ഇടതുവശത്തായി കാണാം.'
അമ്മാവൻ പറഞ്ഞ വിവരം വച്ച് കട കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. രണ്ടു മണി ആയാൽ മുരുകൻ ചേട്ടൻ ഊണുകഴിക്കാനായി വീട്ടിലേക്ക് പോകും. വിശ്രമമെല്ലാം കഴിഞ്ഞു പിന്നെ വരുന്നത് മൂന്നര മണിക്കാണ്. ഞങ്ങൾ അര മണിക്കൂർ മുമ്പ് അവിടെയെത്തി. കാക്ക പോയിട്ട് കാക്കയുടെ പൂട പോലും പരിസരത്ത് ഇല്ല.
മുരുകൻ ചേട്ടന്‍റെ കടയോട് ചേർന്ന് നിൽക്കുന്ന ചക്ക വിൽക്കുന്ന കടയിലെ ചേട്ടനോട് കാര്യം തിരക്കി. 'അല്ല ചേട്ടാ ഈ മുരുകൻ ചേട്ടനെ തേടി കാക്ക വരുമെന്നൊക്കെ പറയുന്നത് ഉള്ളതാണോ?'. 'കാക്ക വരും പക്ഷേ അതിനൊക്കെ ഒരു സമയമുണ്ട്. ഉച്ചയ്ക്ക് 1:45, പിന്നെ 3:45'.
കൃത്യമായി സമയക്രമം പാലിക്കുന്ന കാക്കകളോ. ചുമ്മാ തള്ളല്ലേ ചേട്ടാ. എന്നാൽ നിങ്ങൾ കണ്ടോ എന്ന് മാത്രം ചക്ക വിൽക്കുന്ന ചേട്ടന്‍റെ മറുപടി. സമയം മൂന്നര കഴിയുന്നു. പരിസരത്തെ മതിലുകളിലും മരങ്ങളുടെ മുകളിലും മഴയുണ്ടായിട്ടും കാക്കകൾ എത്തിത്തുടങ്ങി. അവർ ആരെയോ കാത്തിരിക്കുന്നത് പോലെ. മുരുകൻ ചേട്ടന്‍റെ കടയിൽ അദ്ദേഹം എത്തിയിട്ടില്ല. അതാ നോക്കുമ്പോൾ ഒരു കാക്ക കടക്കുള്ളിൽ കയറി കരഞ്ഞു കൊണ്ടിരിക്കുകയാണ്. ചക്ക വിൽക്കുന്ന ചേട്ടൻ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ശെടാ ഇതെന്തു മറിമായം. സമയം വൈകിയില്ല ഉടൻതന്നെ മുരുകൻ ചേട്ടൻ സൈക്കിളിൽ അവിടേക്കെത്തി, കടയിലേക്ക് കയറി. പതിവു ചായ കസ്റ്റമേഴ്‌സ് എത്തിയിട്ടുണ്ട്. ഞങ്ങൾ വന്ന കാര്യം മുരുകൻ ചേട്ടനോട് പറഞ്ഞു. മുരുകൻ ചേട്ടൻ അധികം സംസാരിച്ചൊന്നുമില്ല. പതിവുകാർക്കും ഞങ്ങൾക്കും ഓരോ ചായ ആദ്യം തന്നെ ഉണ്ടാക്കിത്തന്നു.