തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുതുന്നതിനാണ് നാളെ പ്രധാനമായും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചിട്ടില്ലെന്നാണ് സി പി എം കണക്കുകൂട്ടൽ. പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യു ഡി എഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
20 മണ്ഡലങ്ങളിൽ നിന്നുമുള്ള ബൂത്ത് തലത്തിലെ കണക്ക് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്‌ചയിൽ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ കടുത്ത അതൃപ്‌തിയിലാണ്. യോഗത്തില്‍ ഇപിക്കെതിരായ നടപടിയെ കുറിച്ച് ചര്‍ച്ചയുണ്ടാകുമെന്നും സൂചനയുണ്ട്.