പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം പത്രങ്ങളിൽ നൽകിയ പരസ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ലാതെയെന്ന് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ അനുമതി നല്‍കേണ്ട മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സിപിഎം പരസ്യം നൽകിയത്.
വോട്ടെടുപ്പിൻ്റെ തലേന്ന് എൽഡിഎഫ് പാലക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പത്രങ്ങളില്‍ നല്‍കിയ പരസ്യം ഇതിനോടകം വിവാദമായിട്ടുണ്ട്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളുടെ ഒന്നാം പേജിലാണ് പരസ്യം.
രണ്ട് ദിവസം മുമ്പ് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ പഴയ കാല പ്രസ്‌താവനകൾ ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം. ഡോ സരിന് വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള മുഴുനീള പരസ്യത്തിൻ്റെ ഭൂരിഭാഗവും സന്ദീപ് വാര്യരെക്കുറിച്ചുള്ളതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പത്രപരസ്യം ബിജെപിയുടെ അറിവോടെയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് സന്ദീപ് വാര്യരും യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വികെ ശ്രീകണ്‌ഠനും അറിയിച്ചു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് പച്ചയായ വർഗീയ പ്രവർത്തനമാണ് സിപിഎം കാഴ്‌ചവെക്കുന്നത് എന്ന് ശ്രീകണ്‌ഠൻ വിമര്‍ശിച്ചു.