തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ അപകടത്തിൽ മരിച്ച ജോയിയുടെ കുടുംബത്തിന് തിരുവനന്തപുരം നഗരസഭ വീട് നിര്‍മിച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതിനായി നഗരസഭ തന്നെ സര്‍ക്കാരിനെ സമീപിക്കുമെന്നും മേയര്‍ അറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമെ നഗരസഭയുടെ ഭാഗത്ത് നിന്നും സഹായമുണ്ടാകണമെന്ന് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും നേരിട്ട് നിർദേശിച്ചിരുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മേയർ വ്യക്തമാക്കി. ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിക്കാനുള്ള നഗരസഭയുടെ താത്‌പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്‌ത് തീരുമാനിച്ച ശേഷം സർക്കാരിന് സമർപ്പിക്കും. വീടിന് ആവശ്യമായ ഭൂമി നൽകാമെന്ന് പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ ഉറപ്പ് നൽകിയതായും പോസ്റ്റിൽ പറയുന്നു.
ഇതിനിടെ ജോയിയുടെ മരണത്തിൽ റെയിൽവേ സ്റ്റേഷനിലേക്കും നഗരസഭയിലേക്കും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാർച്ച് നടന്നു. ഇന്ന് (ജൂലൈ 17) രാവിലെ 10 മണിയോടെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും 11 മണിക്ക് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും തിരുവനന്തപുരം നഗരസഭയിലേക്കും മാർച്ച് നടത്തി.