കേരളം

kerala

ETV Bharat / state

‘കേരള സ്‌റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി; നീക്കത്തെ അപലപിച്ച് സിപിഎമ്മും - Kerala Story in Dooradarshan - KERALA STORY IN DOORADARSHAN

വിവാദ ചിത്രം കേരള സ്‌റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പിണറായി വിജയന്‍ രംഗത്ത്. ലക്ഷ്യം തെരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി.

KERALA STORY IN DOORADARSHAN  PINARARI VIJAYAN  കേരള സ്റ്റോറി  COMMUNAL CAMPAIGN
Pinarari Vijayan Contempt's The decision to telecast The movie Kerala Story

By ETV Bharat Kerala Team

Published : Apr 4, 2024, 9:54 PM IST

തിരുവനന്തപുരം: 'കേരള സ്‌റ്റോറി’ സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച സിനിമയാണ് ‘കേരള സ്‌റ്റോറി’. സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനത്തിൽ നിന്ന് ദൂരദർശൻ അടിയന്തരമായി പിന്തിരിയണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്രസർക്കാർ കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ജീവിക്കുന്ന പ്രദേശമാണ് കേരളം. സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കേരളത്തെ അപഹസിക്കാനും മതസ്‌പർദ്ധ വളർത്താനും ലക്ഷ്യമിട്ട കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമ.

കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ സംസ്ഥാനത്തെ മതം മാറ്റത്തിന്‍റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയുള്ള സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്. ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം സംഘപരിവാറിന്‍റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി മാറരുത്.

Also Read:'ദി കേരള സ്റ്റോറി പ്രൊപ്പഗാണ്ട ചിത്രം'; നിലപാട് വ്യക്തമാക്കി അനുരാഗ് കശ്യപ്

ദൂരദർശൻ ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസിയല്ല. സിനിമ ഏപ്രിൽ അഞ്ചിന് സംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. മതനിരപേക്ഷ കേരളം വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

ചലച്ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മും രംഗത്തെത്തി. സിനിമ ജനങ്ങളെയാകെ അധിക്ഷേപിക്കുന്നതാണെന്നും ഈ നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആരോപിച്ചു. മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമായി വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ കേരള സ്‌റ്റോറി സിനിമ പ്രദർശിപ്പിക്കാൻ ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനിൽക്കരുത്. കേരളത്തോടുള്ള വെല്ലുവിളിയാണ് ഈ നീക്കം.

32,000 സ്ത്രീകൾ മതം മാറി തീവ്രവാദ പ്രവർത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്. സെൻസർ ബോർഡ് തന്നെ 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ച ചിത്രമാണിത്. കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിൻ്റെ കള്ളപ്രചാരവേല ഏറ്റെടുക്കുന്ന സിനിമ കമ്മ്യൂണിസ്റ്റ് പാർട്ടികളെയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്നു. പെട്ടെന്ന് സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലുള്ളത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തവേളയിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നില്‍. ബിജെപിക്ക് ഒരു മണ്ഡലത്തിലും മുന്നേറാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിനിമ പ്രദർശനവുമായി ദൂരദർശൻ മുന്നോട്ടുവരുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ABOUT THE AUTHOR

...view details