കോഴിക്കോട്: കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്‌തത് ഇത് അഞ്ചാം തവണ. വൈറസ് പിടിച്ചുലച്ചതാകട്ടെ കോഴിക്കോടിനെ. നിപ വൈറസ് ബാധയേറ്റ് ഇതുവരെ 22 പേരാണ് മരിച്ചത്.
മരണങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും. നിപ ആശങ്കയില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാരാണ്. മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ആശുപത്രിയെ തൊട്ട് മറ്റ് രോഗികള്‍ ഭയന്ന് പിന്മാറുന്നതും ഏറെ അപകടകരമാണ്.
ചികിത്സ കൃത്യസമയത്ത് ലഭിക്കാത്തതാണ് പലപ്പോഴും രോഗികളെ മരണത്തിലേക്ക് നയിക്കുന്നത്. വിദേശത്ത് നിന്ന് എത്തിക്കുന്ന ആന്‍റി ബോഡികൾ പോലും ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ഔദ്യോഗിക പരിശോധന ഫലം വൈകുന്നതാണ് ഇതിന്‍റെയെല്ലാം പ്രശ്‌നം.
സ്രവ പരിശോധന വേഗത്തിലാക്കാൻ മെഡിക്കൽ കോളജിൽ സ്ഥാപിക്കാനൊരുങ്ങിയ ബയോ സേഫ്റ്റി ലവൽ 3 (ബിഎസ്എൽ–3) വൈറോളജി ലാബിന്‍റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. പ്രഖ്യാപനം വന്നിട്ട് 4 വർഷമായി. തുടക്കത്തിൽ രണ്ട് തവണ മുടങ്ങിയ ജോലികൾ 2021ൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് പുനരാരംഭിച്ചത്.