എറണാകുളം : നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കോതമംഗലം സ്റ്റേഷനിലാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാവുക.
ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആരോഗ്യ കാരണങ്ങളാലും, മാത്യു കുഴൽനാടൻ എംഎല്‍എ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരം നാല് മണിക്ക് ഹാജരാകാൻ ഇരുവർക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ബുധാനാഴ്‌ച രാവിലെ മുതൽ വൈകുന്നേരം ഏഴ് മണി വരെ നീണ്ട കോടതി നടപടികളും, പൊലീസിൻ്റെ അറസ്റ്റ് ശ്രമത്തിനും ശേഷമായിരുന്നു ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് കോടതിയിൽ നിന്ന് മടങ്ങിയത്.
കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയ്ക്ക് പ്രന്ത്രണ്ട് മണിയോടെയായിരുന്നു കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുഹമ്മദ് ഷിയാസ്, മാത്യു കുഴൽ നാടൻ എം.എൽ.എ, എന്നിവർക്ക് ജാമ്യം അനുവദിച്ചത്. മരണപ്പെട്ട ആളുടെ മൃതദേഹം എടുത്തു കൊണ്ടുപോയ കേസിലും, പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞ കേസിലുമാണ് ജാമ്യം അനുവദിച്ചത്. അതേ സമയം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നാടകീയ നീക്കവുമായി പൊലീസ് കോടതിക്ക് മുമ്പിലെത്തി.
പൊതുമുതൽ നശിപ്പിച്ച കേസിലായിരുന്നു വീണ്ടും അറസ്റ്റിന് ശ്രമിച്ചത്. ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരെത്തി തടയാൻ ശ്രമിച്ചത് കോടതി പരിസരത്ത് നേരിയ കയ്യാങ്കളിക്ക് സൃഷ്‌ടിച്ചു.
എന്നാൽ ഷിയാസ് കോടതിയിലേക്ക് തന്നെ കയറിപോവുകയായിരുന്നു. ഇതേ തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയിൽ നേരിട്ട് ഹാജറാകാൻ നിർദ്ദേശിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിൽ ഷിയാസ് കോടതിയിൽ കീഴടങ്ങുകയും ചെയ്തു.
തുടർന്ന് ഈ കേസിൽ ഈ മാസം പതിനഞ്ച് വരെ ഷിയാസിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇതിനു പിന്നാലെ ഡിവൈഎസ്‌പിയെ കയ്യേറ്റം ചെയ്‌തിന് പുതിയൊരു കേസുകൂടി പൊലീസ് റജിസ്റ്റർ ചെയ്തെങ്കിലും ഈ കേസിലും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കോൺഗ്രസ് നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്.
തിങ്കളാഴ്‌ച (4/3/2024) രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കോൺഗ്രസ് നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്‌തത്. വയോധികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിനു പിന്നാലെയായിരുന്നു കോതമംഗലം കേന്ദ്രീകരിച്ച് എം.എൽ.എ മാരായ എൽദോസ് കുന്നപിള്ളിലും, മാത്യു കുഴൽ നാടനും കോതമംഗലത്ത് ഉപവാസ സമരം തുടങ്ങിയത്. രാത്രി സമീപത്തെ ചായക്കടയിൽ എത്തി ചായ കുടിക്കുന്നതിനിടെയായിരുന്നു ഡിസിസി പ്രസിഡൻ്റ് ഷിയാസിനെ അറസ്റ്റ് ചെയ്‌തത്.
തൊട്ടുപിന്നാലെ മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌ത് മടങ്ങിയ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ കോതമംഗലത്ത് തിരിച്ചെത്തി പ്രതിഷേധിച്ചതോടെ പുലർച്ചെ രണ്ടര മണിയോടെ ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി.
എന്നാൽ ഇരുവർക്കും മജിസ്ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിച്ചു, രാവിലെ പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.