കേരളം

kerala

ETV Bharat / state

ബിജെപിക്ക് കേന്ദ്രഭരണം എന്നത് കുരങ്ങന്‍റെ കയ്യിലെ പൂമാല പോലെ ; പി സി ജോർജിന്‍റെ മുന്‍ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്

ബിജെപിക്കു കേന്ദ്രഭരണം എന്നത് കുരങ്ങന്‍റെ കയ്യിലെ പൂമാല പോലെയെന്ന പിസി ജോര്‍ജിന്‍റെ മുന്‍ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസും സിപിഎമ്മും. പൗരത്വ ഭേദഗതിക്കെതിരായ പിസിയുടെ നിയമസഭാ പ്രസംഗവും ബിജെപിയെ തിരിഞ്ഞു കൊത്തുകയാണ്.

Congress  P C George Niyamasabha speech  bjp  kerala politics
പി സി ജോർജിന്‍റെ മുന്‍ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്

By ETV Bharat Kerala Team

Published : Mar 12, 2024, 5:30 PM IST

Updated : Mar 12, 2024, 9:28 PM IST

തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരുത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപന വിവാദം കത്തിപ്പടരുന്നതിനിടെ അതിലും കൂടുതല്‍ ചര്‍ച്ചയാകുകയാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് പി സി ജോര്‍ജ് നിയമസഭയില്‍ നടത്തിയ പ്രസംഗം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2019 ഡിസംബര്‍ 31 ന് കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തില്‍ കുരങ്ങനു പൂമാല കിട്ടിയപോലെയാണ് ബിജെപിക്കു കേന്ദ്ര ഭരണം ലഭിച്ചതെന്നായിരുന്നു പി സി ജോര്‍ജിന്‍റെ പരിഹാസം.

മാത്രമല്ല, പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ താന്‍ നൂറു ശതമാനം പിന്തുണയ്ക്കുന്നു എന്നും പി സി നിയയമസഭയില്‍ പ്രഖ്യാപനം നടത്തി. ഇതുമായി ബന്ധപ്പെട്ട് ഇവിടെയുള്ള രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന എല്ലാ സമര പരിപാടികള്‍ക്കും പിന്തുണ നല്‍കാന്‍ താനും തന്‍റെ പാര്‍ട്ടിയായ ജനപക്ഷവും തയ്യാറാണെന്നും പി സി ജോർജ് അന്ന് നിയമസഭയില്‍ പറഞ്ഞു.

കേരള നിയമസഭയില്‍ പൗരത്വ ഭേദഗതിയെ എതിര്‍ത്ത് കൊണ്ട് 2019 ഡിസംബര്‍ 31 ന് പി സി ജോര്‍ജ് നടത്തിയ പ്രസംഗം ഇങ്ങനെ : ഇവിടെയുള്ള പ്രശ്‌നം കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയ പോലെ ഭരണം കിട്ടിയിരിക്കുന്നു എന്നതാണ്. എന്തു ചെയ്യണമെന്ന് അവര്‍ക്കറിയില്ല. എന്തു ചെയ്യണമെന്നറിയാത്ത പ്രധാനമന്ത്രിയും ഭരണാധികാരികളുമാണ് ഇവിടുള്ളത്. അവിടെയാണ് കുഴപ്പം. പ്രതീക്ഷിക്കാതെ കിട്ടിയ ഭരണം കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വിമ്മിട്ടപ്പെടുകയാണ് അവർ.

ഇവിടെ നടത്തുന്ന സമരങ്ങളെ കുറിച്ച് എനിക്ക് ഒരു അഭിപ്രായമുണ്ട്. മോദി ഗവണ്‍മെന്‍റ് അറിയുന്ന രീതിയില്‍ ഇവിടെ ഒരു സമരം നടത്താന്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടെന്നും പി സി ജോർജ് പറഞ്ഞു. ഇത്രമാത്രം ജനങ്ങളുള്ള പാര്‍ട്ടികളല്ലേ, വഴി നീളേ സമരവും കൊണ്ടു നടന്നിട്ടു കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

എജീസ് ഓഫീസ് 10 ദിവസം മുടക്കുന്ന രീതിയില്‍ 5 ലക്ഷം ആളുകളെ കൊണ്ടു വന്ന് വളഞ്ഞു വച്ചാല്‍ ലോകം അറിയും. സമരം ആ രീതിയില്‍ കൊണ്ടു പോകാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഒരു സംശയവും വേണ്ട എന്‍റെ പക്കല്‍ 5 ലക്ഷം ആളുണ്ടായിരുന്നെങ്കില്‍ ഞാനത് ചെയ്തേനെയെന്നും പി സി ജോർജ് പറഞ്ഞു.

അതു കൊണ്ട് ഇവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചു നിന്നു സമരം ചെയ്യുമെന്നു പറഞ്ഞാല്‍ പോര, ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അത്തരം സമരം ആവശ്യമാണ്. കേരളത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ഈ നിയമത്തെ എതിര്‍ക്കുകയാണ്. ആ രീതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന തരത്തിലുള്ള ഒരു സമരം ചെയ്യാനുള്ള ബാധ്യത നാം ഏറ്റെടുക്കണമെന്നാണ് എന്‍റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന്‍റെ പ്രത്യേകത എന്താണ്, ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള ഈ പ്രദേശം ബഹുസ്വരതയുടേതാണ്. സംഗീതം പോലെ സാന്ദ്രമാണത്. ഇക്കാര്യം ഞാന്‍ വെറുതെ പറയുന്നതല്ല. സംഗീതം പോലെ സാന്ദ്രമായ നമ്മുടെ രാജ്യത്ത് വളരെയേറെ പുഷ്‌പങ്ങളുണ്ട്. അങ്ങനെയുള്ള പ്രദേശത്തേക്ക് ഒരപസ്വരം കടത്തി വിടുന്ന രീതിയിലാണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്.

ഈ നിയമം ആര്‍ക്കു വേണ്ടിയാണ്. ഇവിടുത്തെ മുസ്ലീം സമൂഹം അങ്ങനെ ഒഴിവാക്കപ്പെടേണ്ടതാണോ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് ആരാണ്. ഇന്ത്യാ ഗേറ്റില്‍ ജീവന്‍പണയപ്പെടുത്തി യുദ്ധം ചെയ്‌ത് മരിച്ചവരുടെ പേരെഴുതി വച്ചിട്ടുണ്ട്. . അതില്‍ 62 ശതമാനവും മുസ്ലീം സഹോദരങ്ങളാണ്. ആ മുസ്ലീം സഹോദരങ്ങളെയാണ് ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഇതില്‍ എന്ത് ന്യായമാണുള്ളത്. അതാണ് നമുക്ക് മനസിലാകാത്തതെന്നും പി സി ജോർജ് പറഞ്ഞു.

ഇന്ത്യയെന്നത് നരേന്ദ്രമോദിയോ അതു പോലുള്ള ആളുകളോ ചിന്തിക്കുന്ന തരത്തിലുള്ള ജനവിഭാഗങ്ങളുടേത് മാത്രമല്ല. അതാണ് ബഹുസ്വരത എന്ന് ഞാന്‍ സൂചിപ്പിച്ചത്. ഇന്ത്യയെന്ന മഹത്തായ രാജ്യം നിലനില്‍ക്കാനും മുമ്പോട്ടുള്ള പ്രയാണത്തിനും സമസ്‌ത മേഖലകളിലും ആവശ്യത്തില്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ള സമൂഹമാണ് ഇവിടെയുള്ള മുസ്ലീം സമൂഹം. അവരെ ഒറ്റപ്പെടുത്തിക്കൊണ്ട് ആക്രമിക്കാന്‍ നടത്തുന്ന നീക്കം അപലപനീയമാണ്. അത് ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ്.

ഇവിടെയുള്ള ജനാധിപത്യ മതേതര വിശ്വാസികളുടെ ശവത്തില്‍ ചവിട്ടി നിന്നല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടിക്കും ഈ നിയമം നടപ്പാക്കാന്‍ കഴിയില്ലെന്നു കൂടി സൂചിപ്പിച്ചു കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി പിന്താങ്ങുകയാണ് എന്ന് പറഞ്ഞാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തു കൊണ്ട് 2019 ല്‍ കേരള നിയമസഭയില്‍ പി സി ജോർജ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.

ഇപ്പോള്‍ ബിജെപിയില്‍ ചേക്കേറിക്കഴിഞ്ഞ പി സി ജോര്‍ജ് ഈ അഭിപ്രായങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് കോണ്‍ഗ്രസും സിപിഎമ്മും ഉയര്‍ത്തുന്നത്.

Last Updated : Mar 12, 2024, 9:28 PM IST

ABOUT THE AUTHOR

...view details