ന്യൂഡൽഹി: അതൃപ്‌തികളും വാദപ്രതിവാദങ്ങളും പുകയുന്നതിനിടെ 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളത്തിലെ എല്ലാ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങി പാര്‍ട്ടി അധ്യക്ഷൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും. സംസ്ഥാനത്തെ നേതൃത്വ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫെബ്രുവരി 28 ന് യോഗം വിളിച്ചു. കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിന്‍റെ ഭാഗമായിട്ടാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്.
കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള തർക്കങ്ങളെത്തുടർന്ന് സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് ആലോചിച്ചു വരികയാണെന്ന് കോൺഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. 28 ന് നടക്കുന്ന യോഗത്തിൽ ഈ വിഷയം രാഹുൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രശ്‌നം ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം തിരുവനന്തപുരം ലോക്‌സഭാ എംപി ശശി തരൂർ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും മുറുമുറുപ്പുണ്ടാക്കിയത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരു ലിബറൽ മുഖം ഉയർത്തിക്കാട്ടണമെന്നാണ് തരൂർ ആഗ്രഹിച്ചതെന് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, എൽഡിഎഫിനെയും ബിജെപിയെയും നേരിടാൻ തരൂര്‍ സംഘടനയിലും പ്രത്യയശാസ്‌ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഖാർഗെയ്‌ക്കെതിരെ മത്സരിച്ച തരൂരിനെ പിന്നീട് പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് പാർട്ടിയിൽ അദ്ദേഹത്തിന് ഒരു പ്രധാന സ്ഥാനം നൽകുകയും ചെയ്‌തിരുന്നില്ല. എന്നാൽ, കോൺഗ്രസ് മേധാവിയായ ശേഷം ഉന്നത സമിതി പുനഃസംഘടിപ്പിച്ച ഖാർഗെയാണ് തരൂരിനെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാക്കിയത്. തരൂര്‍ വിവാദം തുടരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്ലൊരു സ്ഥാനം വാഗ്‌ദാനം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.