അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീനായി ബി.ജെ.പി മാറിയെന്ന് രമേശ് ചെന്നിത്തല എറണാകുളം :ബിജെപി അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിങ്ങ് മെഷീനായി മാറിയെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ്സ് ക്ലബിൻ്റെ വോട്ട് എൻ ടോക്ക് പരിപാടിയിൽ സംസാരിക്കവെയാണ് രമേശ് ചെന്നിത്തല ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
ബിജെപിയിൽ ചേർന്നാൽ പിന്നെ അഴിമതിയില്ല. അഴിമതിക്കാരായ ആളുകൾ ബിജെപിയിൽ ചേർന്നാൽ ക്ലിൻ്റ് ചിറ്റ് നൽകുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രഫുൽ പട്ടേലിനെതിരായ കേസിൽ അദ്ദേഹം ബിജെപി യിൽ ചേർന്നതോടെ ക്ലീൻ ചിറ്റ് ലഭിച്ചു. ഇന്ത്യ മുന്നണിയുടെ നേതാക്കളായത് കൊണ്ടാണ് അരവിന്ദ് കെജ്‌രിവാളിനും, ഹേമന്ദ് സോറനും ജയിലിൽ പോകേണ്ടി വന്നത്. ആരോപണമുയർന്ന ബിജെപി നേതാക്കൾക്കെതിരെ അന്വേഷണം പോലും നടത്തുന്നില്ലന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
ലോക്‌സഭ തെരെഞ്ഞെടുപ്പിൻ കേരളത്തിൽ യുഡിഎഫിന് ഇരുപതിൽ ഇരുപതും നേടാൻ കഴിയുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി വൻവിജയം നേരിടുന്ന സാഹചര്യമാണുള്ളതെന്നും, നാനൂറ് സീറ്റു നേടുമെന്നത് ബിജെപിയുടെ പൊള്ളയായ അവകാശവാദമാണെന്നും ചെന്നിത്തല പറഞ്ഞു.
മോദി ഇന്ത്യ സഖ്യത്തെ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യ മുന്നണിയുടെ ഭാഗമായ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചത്. കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ഇതിൻ്റെ ഭാഗമാണ്. രാജ്യത്തെ അന്വേഷണ ഏജൻസികളായ ഇഡിയും, ആദായ നികുതി വകുപ്പും സിബിഐയും ബിജെപിയുടെ പോഷക സംഘടനകളിയാണ് പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അഴിമതിക്കാരെ കണ്ടെത്തുന്നതിന് പകരം ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കളെ ബിജെപി യിലേക്ക് കാലുമാറ്റാനും കൂറുമാറ്റാനുമാണ് ശ്രമം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Also Read : ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെതിരെ ബിജെപി- സിപിഎം സംയുക്ത നീക്കം: രമേശ് ചെന്നിത്തല - Ramesh Chennithala In Wayanad