കാസർകോട്:കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോപറേറ്റീവ് സൊസൈറ്റിയിൽ നടന്ന തട്ടിപ്പ് സിപിഎം നേതൃത്വത്തിൻ്റെ അറിവോടെയെന്ന് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസൽ. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി സിപിഎം ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിനെ കുറിച്ച് ജനുവരിയിൽ തന്നെ ഭരണസമിതിക്ക് അറിവ് ലഭിച്ചിരുന്നതായും പി കെ ഫൈസൽ ചൂണ്ടിക്കാട്ടി. മാർച്ചിൽ നടത്തിയ പരിശോധനയിൽ സ്വർണം സഹകരണ സംഘത്തിൽ ഉണ്ടെന്ന് പ്രസിഡന്‍റ് ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തട്ടിപ്പ് സിപിഎം നേതൃത്വത്തിന്‍റെ അറിവോടു കൂടിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്തും ആരോപിച്ചു. ഭരണസമിതി നേതൃത്വം അറിയാതെ സെക്രട്ടറിക്ക് മാത്രം അഞ്ചു കോടിയോളം രൂപയുള്ള വൻ തട്ടിപ്പ് നടത്താൻ സാധിക്കില്ല. തട്ടിപ്പ് പുറത്ത് വന്നപ്പോൾ സെക്രട്ടറിയെ മാത്രം പഴിചാരി രക്ഷപ്പെടാനാണ് ഭരണസമിതിയും സിപിഎം നേതൃത്വവും ശ്രമിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള ചെറിയ സഹകരണ സൊസൈറ്റിയിൽ പോലും കോടികളുടെ തട്ടിപ്പ് നടക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ അഴിമതിയുടെയും വൻ തട്ടിപ്പുകളുടെയും കേന്ദ്രങ്ങളാക്കി സിപിഎം മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.