കണ്ണൂർ : കൂത്തുപ്പറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പൻ (54) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഓഗസ്‌റ്റ് 2ന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി ചികിത്സയിലായിരുന്നു.
‘നീ വീണുപോയിട്ടും നിന്‍റെ വെളിച്ചം മങ്ങിയിട്ടില്ല, അവർ നിന്നെ നിശബ്‌ദനാക്കിയില്ല, നീ മൂകനല്ല നിന്‍റെ കരുത്തും ആവേശവും ഞങ്ങളെന്നും കാത്തു സൂക്ഷിക്കുന്നു, അവർക്ക് ഞങ്ങളെ തടയാനാകില്ല, പ്രിയ സഖാവേ....’കൂത്തുപറമ്പ് വെടിവയ്‌പ്പിന്‍റെ വാർഷികദിനത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി പുഷ്‌പന് സമ്മാനിച്ച ഫലകത്തിലെ വരികളാണിത്. ഇന്ന് പുഷ്‌പൻ ഓർമയാകുമ്പോൾ ചൊക്ലി മേനപ്രത്തെ വീടിന്‍റെ വിപ്ലവം ആണ് നിലച്ചു പോയത്.
അവശതയുടെ കിടക്കയിൽ 29 വർഷങ്ങൾ പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ കേരളത്തിലെ സിപിഎമ്മിന് പുഷ്‌പനോളം പകരം വയ്ക്കാൻ മറ്റൊരു വൈകാരിക പ്രതീകമില്ല. വീണുപോയിട്ടും വെളിച്ചം മങ്ങിയില്ലെന്നത് നേർ സാക്ഷ്യമായി കിടക്കുമ്പോഴും പാർട്ടി പലപ്പോഴായി തെറ്റായ ദിശകളിൽ സഞ്ചരിച്ചുവെന്ന് പുഷ്‌പന് തോന്നിയിട്ടുണ്ടാകാം. അപ്പോഴും പാർട്ടിയാണ് ശരിയെന്ന് പുഷ്‌പൻ ഉറച്ച് വിശ്വസിച്ചു.
കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്‌പന് എട്ടാം ക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം ഉണ്ടായിരുന്നത്. സിപിഎം സംഘടന പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ പുഷ്‌പന് ബെംഗളൂരുവിലേക്ക് വണ്ടി കയറേണ്ടി വന്നു. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി.
അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ സമരത്തിന്‍റെ നടുവിലായിരുന്നു പുഷ്‌പനും അദ്ദേഹം വിശ്വസിക്കുന്ന സംഘടനയും. അതിന്‍റെ ഒത്ത നടുവിലേക്ക് തന്നെ പുഷ്‌പനും എടുത്തു ചാടി. പക്ഷെ സുന്ദരമായൊരു ജീവിതത്തിലേക്ക് ഇനിയൊരിക്കലും ഒരു തിരിച്ചു പോക്കുണ്ടാവില്ലെന്ന് പുഷ്‌പൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.
ആ സമരത്തെ എതിരിടാൻ മുമ്പിൽ ഉണ്ടായിരുന്നത് പാർട്ടിയെ ഒരുഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ച മുൻ സഖാവായിരുന്ന എംവി രാഘവനായിരുന്നു. അന്നത്തെ സിപിഎമ്മിന്‍റെ കുലം കുത്തി. രണ്ട് വിഭാഗവും ശത്രു സൈന്യമായി നിന്ന് പോർമുഖം തുറന്നപ്പോൾ ഭരണകൂടം അതിന്‍റെ തോക്കിൽ നിന്ന് നിറയൊഴിച്ചു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്‌പന്‍റെ സുഷുമ്‌ന നാടിക്ക് ആണ് പ്രഹരം ഏൽപ്പിച്ചത്. അന്ന് കഴുത്തിന് താഴേക്ക് തളർന്ന് കിടപ്പിലായതാണ് പുഷ്‌പൻ.
29 വർഷങ്ങൾ അതിജീവിച്ചെങ്കിലും ദേഹപീഡകൾ അന്ന് മുതൽ പുഷ്‌പനെ വിട്ടൊഴിഞ്ഞതേയില്ല. പാർട്ടിയുടെ വലയത്തിൽ പ്രവർത്തകരുടെ കൈപിടിച്ചാണ് പിന്നീട് ജീവിതം തള്ളി നീക്കിയത്. ബ്രാഞ്ച് സെക്രട്ടറി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ അക്കൂട്ടത്തിലുണ്ട്. പക്ഷെ വർഷങ്ങൾ കടന്നു പോയപ്പോൾ പാർട്ടിയും പതിയെ മാറി തുടങ്ങിയിരുന്നു.
'സ്‌മരണകളിരമ്പും രണ സ്‌മാരകങ്ങളെ' എന്ന് കണ്ണൂരിലെ സഖാക്കൾ പാടുന്നത് കൂത്തുപറമ്പിലെ അഞ്ച് രക്ത സാക്ഷികളെയും പുഷ്‌പനെയും കൂടിയോർത്താണ്. എന്നാൽ സൗകര്യപ്രദമായി കണ്ണൂരിലെ പാർട്ടി കൂത്തുപറമ്പ് സ്‌മരണകൾ മറന്നിട്ടുണ്ട്. ഇടത് ഭരണകാലത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയതും പരിയാരം മെഡിക്കൽ കോളജിൽ ഭരണം പിടിച്ചതും അതിനൊക്കെ അപ്പുറം കൂത്തുപറമ്പ് വെടിവയ്‌പ്പിൽ പാർട്ടി പ്രതിസ്ഥാനത്ത് നിർത്തിയ എംവി ആറിനെ രണ്ട് പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്‌തതും പുഷ്‌പനും കേരളവും കണ്ടതാണ്. അദ്ദേഹത്തിന്‍റെ മകൻ എംവി നികേഷ് കുമാറിന് നിയമസഭ സീറ്റ് സമ്മാനിക്കുന്നതിനും പാർട്ടിക്കപ്പുറം ഒരു വാക്ക് ഇല്ലാത്ത പുഷ്‌പൻ ദൃക്‌സാക്ഷിയായി.