മനുഷ്യാവകാശ പ്രവർത്തകന്‍ ഗിന്നസ് മാടസ്വാമി ഇടിവി ഭാരതിനോട് സംസാരിക്കുന്നു ഇടുക്കി: ഡോ. ആർഎൽവി രാമകൃഷ്‌ണന് എതിരായ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിൽ ഇടുക്കിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷന് പരാതി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമിയാണ് പരാതി നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി, തൃശ്ശൂർ ജില്ല കളക്‌ടർ എന്നിവർക്കാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്‌ണനെതിരെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ രംഗത്ത് വന്നത്. രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞു.
സത്യഭാമയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമി നിയമ നടപടികൾ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. സത്യഭാമയെ പോലുള്ള വ്യക്തികൾ കാരണം പട്ടിക ജാതിയിൽ പെട്ട കലാകാരന്മാർക്ക് നൃത്ത രംഗത്ത് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. സത്യഭാമയെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും, മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്നും, പ്രസ്‌താവന പിൻവലിക്കാന്‍ ഇടപെടണമെന്നുമാണ് പരാതിയിൽ ഉള്ളത്. ഇന്ന് രാത്രി തന്നെ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടും എന്നാണ് വിവരം.
Also Read :'കറുത്ത കുട്ടികൾക്ക് പരിശീലനം നൽകും, മത്സരത്തിന് അയക്കില്ല'; നിലപാടിലുറച്ച് കലാമണ്ഡലം സത്യഭാമ - Derogatory Remark Of Sathyabhama