പത്തനംതിട്ട: കാൽ വഴുതി കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ഇറങ്ങിയ നാലുപേർ കിണറിൽ കുഴഞ്ഞു വീണു. അഞ്ചു പേർ കിണറ്റിൽ അകപ്പെട്ട സംഭവം കണ്ടു ഭയന്ന വീട്ടമ്മയും വീട്ടുമുറ്റത്തും കുഴഞ്ഞു വീണു. ഇന്ന് രാവിലെ ഏറത്ത് പഞ്ചായത്ത് കൈതമുക്കിലാണ് സംഭവം.
ഏറത്തു കോട്ടക്കുഴി വീട്ടിൽ രാജു (55) ആണ് വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണത്. രാജുവിനെ രക്ഷിക്കാൻ ഇറങ്ങിയ സമീപവാസികളായ കൊച്ചുമോൻ (45) അജി (35), സുനിൽ (30), അനൂപ് (25) എന്നിവരും കിണറ്റിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരിന്നു.
ഈ സംഭവം കണ്ടുനിന്ന സമീപവാസിയായ സുനിത (36) ആണ് വീട്ടു മുറ്റത്ത് കുഴഞ്ഞു വീണത്. സംഭവം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാർ കയർ കിണറിലേക്ക് ഇട്ടു കൊടുത്തു ഓരോരുത്തരെയും കരയ്‌ക്കെത്തിച്ചു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ അഗ്നി രക്ഷ നിലയത്തിന്‍റെ ആംബുലൻസിലാണ് സുനിതയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.