കേരളം

kerala

ETV Bharat / state

ധാതുമണല്‍ ഖനനം; സ്വകാര്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്; മാര്‍ച്ച് 27ന് വീണ്ടും പരിഗണിക്കും

സിഎംആര്‍എല്‍ കേസിലെ സ്വകാര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വിജിയന്‍സ് റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഇല്ല. മാര്‍ച്ച് 27ന് വീണ്ടും ഹര്‍ജി പരിഗണിക്കും.

CMRL Case  Vigilance Report In CMRL Case  CM Pinarayi Vijayan  Veena Vijayan CMRL Case
Vigilance Report On Private Petition In CMRL Case

By ETV Bharat Kerala Team

Published : Mar 14, 2024, 7:24 PM IST

തിരുവനന്തപുരം:ദുരന്ത നിവാരണ നിയമത്തിന്‍റെ മറവില്‍ നടന്ന കോടി കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് വിജിലന്‍സ്. പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഇല്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.

അഴിമതി നിരോധന നിയമത്തിലെ ഒരു വകുപ്പു പോലും നിലനിൽക്കുവാൻ പ്രാപ്‌തമായ ഒരു തെളിവ് പോലും ഹർജിയിൽ ഇല്ല. മാത്രമല്ല സമാന രീതിയിലുള്ള പരാതി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തൃക്കുന്നപുഴയിലും ആറാട്ടു പുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ ഉടമ എസ്.എന്‍ ശശിധരന്‍ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്‌തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്.

ഇതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഇതിനിടെ 2018ലെ വെളളപ്പൊക്കത്തിന്‍റെ മറവില്‍ കുട്ടനാട്ടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്‌പില്‍വേയുടെ അഴീമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്‌തു.

സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎംഎല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ ഇവര്‍ക്ക് പുറമെ സിഎംആര്‍എല്‍ ഉടമ എസ്.എന്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, കെഎംഎംഎല്‍, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് എതിര്‍ കക്ഷികള്‍. കേസുമായി ബന്ധപ്പെട്ട ഹര്‍ജി മാർച്ച് 27ന് കോടതി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ABOUT THE AUTHOR

...view details