എറണാകുളം:കേരളത്തിന്‍റെ തീരദേശ മേഖലയുടെ വികസനത്തിന് ഇനി കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ സ്ഥാപനവും. അടിസ്ഥാന സൗകര്യമുൾപ്പെടെയുള്ള വികസനപദ്ധതികളിൽ സംസ്ഥാന സർക്കാരുമായി സിഎംഎഫ്‌ആർഐ സഹകരിക്കും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോർപ്പറേഷനുമായി (കെഎസ്‌സിഎഡിസി) ഇത് സംബന്ധിച്ച് ധാരണയായി.
കെഎസ്‌സിഎഡിസി സമുദ്രമേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് ഇനി മുതൽ സിഎംഎഫ്ആർഐ സാങ്കേതിക സഹായം നൽകും. സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ ഗ്രിൻസൺ ജോർജും കെഎസ്‌സിഎഡിസി മാനേജിങ് ഡയറക്‌ടർ പിഐ ഷെയ്ഖ് പരീതും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിന്‍റെ മത്സ്യബന്ധന മേഖലയിൽ വലിയ മുന്നേറ്റത്തിന് ഈ സഹകരണം ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിഎംഎഫ്ആർഐ സഹകരിക്കുന്ന പദ്ധതികൾ:ഹാച്ചറികൾ, സമുദ്ര അക്വേറിയങ്ങൾ, മറൈൻ പാർക്കുകൾ, കടലിലെ മത്സ്യകൃഷി കൂടുകൾ, കൃത്രിമ പാരുകൾ (ആർട്ടിഫിഷ്യൽ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകൽപന, നിർമാണം എന്നിവയിൽ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത്.