തിരുവനന്തപുരം:ഇന്ത്യയുടെ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ സീതാറാം യെച്ചൂരിയുടെ വിയോഗം വലിയ നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്‍റെ വിയോഗം ഏവരെയും അഗാധമായ ദുഃഖത്തിലാക്കിയെന്നും ഭാഷാപരവും സാംസ്‌കാരികവുമായ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ മനസിലാക്കാനും അവരുമായി ബന്ധപ്പെടാനുമുള്ള അദ്ദേഹത്തിന്‍റെ കഴിവ് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീതാറാം യെച്ചൂരി അനുസ്‌മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിരവധി പോരാട്ടങ്ങളില്‍ സീതാറാം യെച്ചൂരിക്ക് നിർണായക പങ്കുണ്ടായിരുന്നു. യെച്ചൂരിയുടെ നേതൃപാടവം വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടതാണ്. ജനങ്ങള്‍ ഇഷ്‌ടപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. ‘ബുദ്ധിജീവി’ എന്ന ഒരു ഭാവവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇടതുപക്ഷ ഐക്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവാണ് അദ്ദേഹം. യെച്ചൂരിയുടെ വിയോഗം സാര്‍വദേശീയ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്‌ടമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
1975ൽ സിപിഐഎമ്മിൽ ചേർന്ന സീതാറാം യെച്ചൂരി അടിയന്തരാവസ്ഥക്കാലത്ത് രാഷ്‌ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ അറസ്‌റ്റിലായിരുന്നു. 1985ൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെയും അദ്ദേഹം കേന്ദ്ര കമ്മിറ്റിയിൽ തുടർന്നു.
1989ൽ സെൻട്രൽ സെക്രട്ടേറിയറ്റിലേക്കും 1992ൽ പൊളിറ്റ് ബ്യൂറോയിലേക്കും യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ സിപിഐഎമ്മിൻ്റെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2005 മുതൽ 2017 വരെ രണ്ട് തവണ സീതാറാം യെച്ചൂരി രാജ്യസഭാംഗമായിരുന്നു. 2017ൽ മികച്ച പാർലമെൻ്റേറിയനുള്ള പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് സീതാറാം യെച്ചൂരി. ഈ മാസം 12-നാണ് അദ്ദേഹം അന്തരിച്ചത്.
Also Read:യെച്ചൂരി രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവ്: അനുശോചിച്ച് വിഡി സതീശന്‍