മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു (ETV Bharat) തിരുവനന്തപുരം:വയനാട് ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് ആ ദുരന്തത്തിൽ മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്തബാധിത മേഖലയിലെ 729 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. ഇതിൽ 219 കുടുംബങ്ങൾ നിലവിൽ ക്യാമ്പുകളിലുണ്ട്.
മറ്റുള്ളവർ വാടക വീടുകളിലേക്കോ, കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ടെന്നും, അവർക്ക് സർക്കാർ അനുവദിച്ച വാടക നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 75 സർക്കാർ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപണികൾ നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്‌ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. അതിൽ 123 എണ്ണം നിലവിൽ മാറിത്താമസിക്കാൻ യോഗ്യമാണ്. 105 വാടക വീടുകൾ ഇതിനകം അനുവദിച്ച് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ്‌ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും സിഎംഡിആർഎഫിൽ നിന്ന് 2 ലക്ഷം രൂപയുമടക്കം ആറ് ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്‌തിട്ടുണ്ട്. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്‌തു. ഇതിനുപുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമേഖലയിൽ നിന്ന് 119 പേരേയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്. അവരുടെ ബന്ധുക്കളിൽ നിന്ന് 91 പേരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായ്‌പകള്‍ എഴുതിത്തള്ളുന്ന കാര്യം ബാങ്കുകള്‍ക്കു മുന്നില്‍ വച്ചു
ജീവിതോപാധികള്‍ നഷ്‌ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്ന ഹതഭാഗ്യരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കേരളത്തിലെ ബാങ്കുകളുടെ പിന്തുണ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക വൃത്തിയായിരുന്നു ആ ജനതയുടെ പ്രധാന വരുമാനമാര്‍ഗം. അതിനായും വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി മറ്റു പല ആവശ്യങ്ങള്‍ക്കായും ലോണുകള്‍ എടുത്തവരാണതില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ന് അവര്‍ക്ക് ആ വീടുകള്‍ നഷ്‌ടപ്പെട്ടിരിക്കുന്നു, കൃഷിഭൂമി നാമാവശേഷമായിരിക്കുന്നു, അനേകം പേര്‍ ഉറ്റവര്‍ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതിത്തള്ളണമെന്ന നിര്‍ദേശം ഇന്നലെ നടന്ന സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ വെച്ചു.
വായ്‌പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കാര്‍ഷികവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്‌ചര്‍ ചെയ്യുമെന്ന് യോഗം തീരുമാനിച്ചു. പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള ഉപഭോകതൃ ലോണുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
30 മാസമായിരിക്കും ഈ ലോണിന്‍റെ തിരിച്ചടവ് സമയം. ദുരന്തമേഖലയില്‍ ഉള്ള എല്ലാ റിക്കവറി നടപടികളും തല്‍ക്കാലം നിര്‍ത്തിവയ്ക്കാനും യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം അവരുടെ നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യതകള്‍ക്കുള്ള തിരിച്ചടവാക്കി മാറ്റില്ല. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരിതബാധിതരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇതുവഴി സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read:വയനാട് ദുരന്തം; ദുരിത ബാധിതരുടെ അക്കൗണ്ടില്‍ നിന്നും ഇഎംഐ ഈടാക്കിയ സംഭവം; ബാങ്കുകളെ ശാസിച്ച് മുഖ്യമന്ത്രി