തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ (Dr. Vandana Das Murder Case) നടന്നത് സമഗ്രമായ അന്വേഷണമാണെന്നും ഒരു പ്രത്യേക സ്‌ക്വാഡിന്‍റേയും അന്വേഷണം ഇനി ഈ കേസില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ മോന്‍സ് ജോസഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട് പൊലീസ് ചെയ്യേണ്ട നടപടികള്‍ ഒരു കാലതാമസവും ഇല്ലാതെ ചെയ്‌തിരുന്നു. അന്വേഷണം തൃപ്‌തികരമായതിനാലും മറ്റു കാരണങ്ങള്‍ കണ്ടെത്താനാകാത്തതിനാലുമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് അനുമതി നല്‍കാത്തത്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 21/09/2023 ന് സര്‍ക്കാര്‍ സമഗ്രമായ മെഡിക്കോ ലീഗോ പ്രോട്ടോകോള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍ തന്നെ പൊലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഡോ. വന്ദന ദാസ് പഠിച്ചിരുന്ന മെഡിക്കല്‍ കോളജ് മേധാവിയടക്കമുള്ള ഡോക്‌ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍റെ സേവനമുള്‍പ്പെടെ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിന് ഡോ. വന്ദന ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്.