തിരുവനന്തപുരം: ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ നടത്തുന്ന കുപ്രചാരണം നാടിതുവരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ദുരന്തത്തില്‍ നിന്ന് കരകയറുന്നതിന് അങ്ങേയറ്റം പ്രതിലോമകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രചാരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് ദുരിതാശ്വാസ നിധിയെ കുറിച്ച് വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയര്‍ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. നിലവില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഈ ഫണ്ടിന്‍റെ ചുമതലക്കാരന്‍.
ദുരിതാശ്വാസ നിധിയിലേക്ക് അടയ്‌ക്കുന്ന സംഭാവനകള്‍ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂള്‍ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്ക് ട്രാന്‍സ്‌ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ സുഗമമായ നടത്തിപ്പിനാണ് പൂള്‍ അക്കൗണ്ടുകള്‍ സൃഷ്‌ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല.
റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്‌മിനിസ്‌ട്രേഷന്‍ നിര്‍വഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താൽപര്യ പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നര്‍ത്ഥം. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ.
കലക്‌ടര്‍ക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം.