തിരുവനന്തപുരം:തലശേരിയിലെ എരഞ്ഞോളിയില്‍ സ്‌റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.
ബോംബ് പൊട്ടിത്തെറിച്ച് ഒരു ഹതഭാഗ്യന്‍ കൊല്ലപ്പെട്ടു. സംഭവം പൊലീസ് ഗൗരവമായി അന്വേഷിക്കും. ബോംബ് എവിടെന്ന് നിന്ന് വന്നുവെന്ന് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്ന് ഇരിക്കൂര്‍ എംഎല്‍എ സണ്ണി ജോസഫസിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.
സ്‌ഫോടനം നടന്ന ശേഷം അവിടെ സിപിഎം പ്രവര്‍ത്തകര്‍ ഓടിക്കൂടി തെളിവുകളെല്ലാം മാറ്റിയെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. സംഭവം നടക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടുന്നത് സ്വാഭാവികമാണ്. അതേ അവിടെയും നടന്നിട്ടുള്ളൂ. അതല്ലാതെ തെളിവ് നശിപ്പിക്കല്‍ ഒന്നും ഉണ്ടായിട്ടില്ല. സംഭവം അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. മറ്റെവിടെയെങ്കിലും ബോംബുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ ബോംബ് നിര്‍മിക്കുന്ന വിദ്യ സ്വായത്തമാക്കാന്‍ പല വഴികളുമുണ്ട്. എറണാകുളത്ത് യഹോവ സാക്ഷികളുടെ ആരാധനാലയത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ ആള്‍ താനെങ്ങനെയാണ് ബോംബ് നിര്‍മിക്കുന്നത് പഠിച്ചതെന്ന് വ്യക്തമാക്കിയതോര്‍മ്മയുണ്ടല്ലോ. അതിനാല്‍ പ്രതിപക്ഷം ഇതിന് രാഷ്ട്രീയ നിറം ചാര്‍ത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.